കേരളത്തില്‍ പോലും പലയിടത്തും ഇപ്പോള്‍ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. താപനില 45 ഡിഗ്രിവരെ ഉയരുന്നത്. ഈ സാഹചര്യത്തില്‍ രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയുടെ കാര്യം പറയണമോ…
എന്നാല്‍ ഈ കൊടുംചൂടിലും ഒരു എസി പോലുമില്ലാതെ ഥാര്‍ മരുഭൂമിയ്ക്കു നടുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളുണ്ട്. ജയ്സാല്‍മീരിനു സമീപം കനോയ് എന്ന ഗ്രാമത്തിലാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യവുമായി രാജകുമാരി രത്നാവതി ഗേള്‍സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
മരുഭൂമിയുടെ കിടപ്പിനോട് ചേര്‍ന്നു പോകുന്ന വിധത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഈ സ്‌കൂളില്‍ നിരവധി കുട്ടികള്‍ക്കാണ് അക്ഷരം പകര്‍ന്നു നല്‍കുന്നത്.
അമേരിക്കന്‍ ആര്‍ക്കിടെക്ടായ ഡയാന കെലോഗ്ഗാണ് ഈ സ്‌കൂളിന് രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. സ്‌കൂളിന്റെ നിര്‍മ്മാണത്തിന് സാന്‍ഡ് സ്റ്റോണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.
കൊടും ചൂടിനെ അതിജീവിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനായി ഒരു നടുമുറ്റവും ഒരുക്കിയിരിക്കുന്നു. സുസ്ഥിരത ഉറപ്പാക്കി കൊണ്ടാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം.
നടുമുറ്റത്ത് ഒരുക്കിയിരിക്കുന്ന പന്തലും ജാളികളും പൊടിക്കാറ്റിനെയും ചൂടിനെയും ചെറുക്കാനും തണലേകാനും സഹായിക്കുന്നു.
കെട്ടിടത്തിന്റെ ഓരോ ഭാഗങ്ങളിലൂടെ വായുസഞ്ചാരം ഉറപ്പാക്കുന്ന വിധത്തിലുള്ള നിര്‍മ്മാണമാണ് ക്ലാസ് റൂമുകളില്‍ ചൂട് കുറയ്ക്കാന്‍ സഹായിക്കുന്നത്.
ഇതിനുപുറമേ രാത്രികാലങ്ങളില്‍ ജിയോ തെര്‍മല്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കൂളിങ് സിസ്റ്റം ദിവസത്തില്‍ ഉടനീളം ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നുണ്ട്.
സ്‌കൂളിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ മേല്‍ക്കൂരക്ക് മുകളില്‍ സോളര്‍പാനലുകള്‍ സാധിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും പ്രാദേശികമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
സന്നദ്ധ സംഘടനയായ സിഐടിടിഎയുടെ സ്ഥാപകനായ മൈക്കിള്‍ ദോബിന്റേതാണ് ആശയം .
400 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിനോട് അനുബന്ധമായി ഒരു ടെക്സ്റ്റൈല്‍ മ്യൂസിയം, കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന എക്സിബിഷന്‍ സെന്റര്‍, സ്ത്രീകള്‍ക്ക് പരമ്പരാഗത കൈത്തൊഴിലില്‍ പരിശീലനം നല്‍കുന്ന സ്ഥാപനം എന്നിവ പ്രവര്‍ത്തിക്കുന്നു. എന്തായാലും അദ്ഭുതമെന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ…