രാജകുമാരി: കാമുകനോടൊപ്പം വീടുവിട്ടിറങ്ങിയ യുവതി വിഷം ഉള്ളിൽചെന്നു മരിച്ചു. ഈറോഡ് സ്വദേശി ഭഗതിന്റെ ഭാര്യ കൗസല്യ (24) ആണ് മരിച്ചത്.
കൗസല്യയുടെ കാമുകനും ബന്ധുവുമായ ശാന്തന്പാറ പള്ളിക്കുന്ന് സ്വദേശി കാർത്തിക് (24) ഗുരുതരാവസ്ഥയിൽ അടിമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസ് പറയുന്നത് ഇങ്ങനെ: പള്ളിക്കുന്ന് സ്വദേശികളായ മുരുകൻ – മുരുകേശ്വരി ദന്പതികളുടെ ഏകമകനാണ് കാർത്തിക്. ഇവരുടെ ബന്ധുവായ കൗസല്യയുമായി കാർത്തിക് പ്രണയത്തിലായിരുന്നു. കൗസല്യയുടെ ബന്ധുക്കൾ ഇവരുടെ വിവാഹത്തിനെ എതിർത്തു.
തുടർന്ന് രണ്ടു വർഷം മുന്പ് തമിഴ്നാട് ഈറോഡ് സ്വദേശിയായ ഭഗത്തുമായി കൗസല്യയുടെ വിവാഹം നടത്തി. ഇവർക്ക് ഒന്നര വയസുള്ള ഒരു മകനുണ്ട്.
ഏതാനും മാസംമുൻപ് കൗസല്യ പഠനത്തിനായി ബോഡിനായ്ക്കന്നൂരിലെ കുടുംബ വീട്ടിൽ വന്നു. ഇതേ ടൗണിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കാർത്തിക്കുമായി വീണ്ടും അടുപ്പത്തിലായി.
ഒരുമാസം മുൻപ് കൗസല്യയുമായി കാർത്തിക് പള്ളിക്കുന്നിലെ വീട്ടിലെത്തി.
ഇതേത്തുടർന്നു ബന്ധുക്കൾ ഇടപെട്ടു കൗസല്യയെ ഭർത്താവിന്റെ വീട്ടിൽ കൊണ്ടുവിട്ടു. കഴിഞ്ഞ ഒന്പതിനു വീണ്ടും ഭർത്താവിന്റെ വീടുവിട്ടു കാർത്തികിനൊപ്പം പള്ളിക്കുന്നിലെത്തി.
കഴിഞ്ഞ ദിവസം വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഇരുവരും ഏലത്തിനു തളിക്കാൻ വച്ചിരുന്ന കീടനാശിനി കോളയിൽ കലർത്തി കഴിക്കുകയായിരുന്നു.
സംഭവമറിഞ്ഞ നാട്ടുകാർ ഇരുവരെയും ശാന്തന്പാറയിലെയും തുടർന്ന് രാജകുമാരിയിലെയും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി കൗസല്യ മരിച്ചു.