കായംകുളം : വള്ളികുന്നത്ത് പൊള്ളലേറ്റ വീട്ടമ്മയുടെ നില അതീവ ഗുരുതരം. ഭർത്താവിന്റെ ശാരീരിക പീഡനം സഹിക്കാൻ കഴിയാതെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് വീട്ടമ്മ മൊഴി നൽകി. ഇതേത്തുടർന്ന് വള്ളികുന്നം പോലീസ് അന്വേഷണം ആരംഭിച്ചു.
തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ വീട്ടമ്മയിപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. മാവേലിക്കര വള്ളികുന്നം പടയണിവെട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന ഗോപകുമാറിന്റെഭാര്യ രാജലക്ഷ്മിയാണ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ശരീരത്തിൽ തീ ആളികത്തുന്ന രീതിയിൽ വീടിനുള്ളിൽനിന്ന് പുറത്തേക്കോടിവന്ന രാജലക്ഷ്മിയെ അയൽവാസികൾ വെള്ളമൊഴിച്ച് തീകെടുത്തിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഇവരെ പിന്നീട് നാട്ടുകാരും പോലീസും ചേർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.