നാദാപുരം: പോലീസുകാര്‍ക്ക് നിയമപുസ്തകങ്ങളുമായി ജീവിതോപാധി കണ്ടെത്തുകയാണ് തിരുവനന്തപുരം സ്വദേശിനി രാജം. തിരുവനന്തപുരം ആറ്റുകാല്‍ മണക്കാട് സ്വദേശിനിയായ രാജം 37 വര്‍ഷമായി കാസറഗോഡ് മുതല്‍ പാറശ്ശാല വരെയുള്ള സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലും നിയമ പുസ്തകങ്ങള്‍ വില്‍പ്പന നടത്തുന്നു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജ്, തൃശ്ശൂരിലെ പോലീസ് അക്കാദമി,ആംഡ് റിസര്‍വ്വ് ക്യാമ്പുകള്‍ തുടങ്ങി സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും നിയ സഹായികളായ പുസ്തകങ്ങളുമായി എത്തുകയാണ്.
പോലീസ് ഉദ്യോഗസ്ഥരും റിട്ട. ഐപിഎസ് ഉദ്യോഗസ്ഥരും വക്കീലന്മാരും എഴുതിയ നിയമപാഠാവലികളുമായാണ് ഇവരെത്തുന്നത്. പോലീസ് വിജ്ഞാന കോശം,കേസന്വേഷണ സഹായികള്‍, ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടികള്‍, പുതിയ നിയമങ്ങള്‍ അടങ്ങിയ പുസതകങ്ങളാണ് വില്‍പ്പനയ്ക്കെത്തിക്കുന്നത്.ഓരോ ബുക്കിനെകുറിച്ചും കൃത്യമായ ഗ്രാഹ്യം ഇവര്‍ക്കുണ്ട്. പോലീസുകാരുടെ സംശയങ്ങള്‍ക്കും ഇവര്‍ മറുപടി നല്‍കും.
മിക്ക സ്റ്റേഷനുകളില്‍ നിന്നും പുസത്കങ്ങള്‍ ആവശ്യമുണ്ട് എന്ന് പറഞ്ഞ് ഫോണ്‍ ചെയ്യാറുണ്ടെന്നും ഇവര്‍ക്ക് കൃത്യമായി ഇവയെല്ലാം എത്തിച്ച് നല്‍കാറുണ്ടെന്നും ഈ 62 കാരി പറയുന്നു. എല്ലാ സ്റ്റേഷനുകളിലെയും പോലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുന്‍ പരിചയം ഉള്ളതിനാല്‍ സ്റ്റേഷനുകളില്‍ മുഖവുരയുടെ ആവശ്യവും ഇല്ല.
ആദ്യമെല്ലാം നല്ല രീതിയില്‍ വില്‍പ്പന നടക്കാറുണ്ടെങ്കിലും ഇന്റര്‍നെറ്റ് യുഗം എത്തിയതോടെ ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി രാജം പറയുന്നു. 32-ാം വയസ്സില്‍ ഡയബെറ്റിക് പിടിപെട്ട് രണ്ട് കാലുകളും മുറിച്ചുമാറ്റപ്പെട്ടെങ്കിലും ക്രച്ചസ്സില്‍ രാജത്തിനൊപ്പം പുസത്കങ്ങളുമായി ഭര്‍ത്താവ് സുരേന്ദ്രനും ഉണ്ടാകും.