വരയാടുകളുടെ പ്രജനന കാലം അവസാനിച്ചതോടെ രാജമല സന്ദർശകർക്കായി തുറന്നു. ഇത്തവണ 72 വരയാടിൻ കുട്ടികൾ പിറന്നതായാണ് പ്രാഥമിക നിഗമനമെങ്കിലും എണ്ണം വർധിക്കാൻ സാധ്യതയുള്ളതായി മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി പറഞ്ഞു.
മേയ് ആദ്യവാരത്തോടെ നടക്കുന്ന കണക്കെടുപ്പിലൂടെ മാത്രമേ മൂന്നാർ മേഖലയിൽ എത്ര വരയാടിൻ കുട്ടികൾ പിറന്നെന്ന് വ്യക്തമായി അറിയാൻ കഴിയൂ. രാജമലക്ക് പുറമെ മീശപ്പുലിമല, ഷോല നാഷണൽ പാർക്ക്, മൂന്നാർ ടെറിട്ടോറിയൽ, മറയൂർ, മാങ്കുളം, കെളുക്കുമല എന്നിവിടങ്ങളിലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം രാജമലയിൽ മാത്രം 69 കുട്ടികൾ പിറന്നിരുന്നു.