തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യം ഒഴിഞ്ഞത് സ്കാനിയ ബസുകൾ വാടകയ്ക്ക് എടുക്കാനുള്ള കരാറിൽ ഒപ്പിട്ടശേഷം. ചെലവ് കുറച്ച് വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഡംബര ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്നതിന് തീരുമാനിച്ചിരുന്നു. എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളുമായി ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ രംഗത്തെത്തിയതോടെ തീരുമാനം നടപ്പാകാൻ വൈകുകയായിരുന്നു.
അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്നതിന് സ്കാനിയ കമ്പനി ഏർപ്പെടുത്തിയ ഓപ്പറേറ്ററുമായുള്ള അന്തിമ കരാറിലാണ് രാജമാണിക്യം ഇന്നലെ വൈകുന്നേരം ഒപ്പിട്ടത്. കിലോമീറ്ററിന് 27 രൂപയാണ് സ്കാനിയ ബസുകൾക്ക് വാടകയായി നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 10 ബസുകളും ഇത് വിജയമായാൽ 15 ബസുകളും നിരത്തിലിറക്കാനാണ് തീരുമാനം. ഈ മാസം അവസാനത്തോടെ സർവീസുകൾ ആരംഭിക്കും. കണ്ടക്ടറും ഡീസലും കെഎസ്ആർടിസി നൽകും.
റിച്ചാർഡ് ജോസഫ്