എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ ഫലം വന്നതിന് ശേഷം ഇപ്പോള്‍ കുട്ടികളുടെ എ പ്ലസ് എണ്ണലാണ് നാട്ടുകാര്‍ക്ക് പണി. അതേസമയം എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികളെ അനുമോദിക്കലും നടക്കുന്നുണ്ട്. മക്കളെ സെലിബ്രിറ്റികളാക്കി കൊണ്ടു ഫ്ളക്സും ഫേസ്ബുക്ക് പോസ്റ്റുകളുമായി ആഘോഷിക്കുകയാണ് മാതാപിതാക്കളും.
എന്നാല്‍ എ പ്ലസ് വാങ്ങാന്‍ കഴിയാതെ പോയ കുട്ടികളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. നിങ്ങള്‍ ആഘോഷം നടത്തുമ്പോള്‍ ഒന്നും നേടാന്‍ പറ്റാത്ത കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഡിപ്രഷന്‍ ഉണ്ടാകുമെന്ന് എംജി രാജമാണിക്യം ഐഎഎസ് പറയുന്നു. ഇതേ കാരണം കൊണ്ട് യുകെ പോലുള്ള വിദേശ രാജ്യങ്ങളില്‍ മാര്‍ക്ക് ,നോട്ടീസ് ബോര്‍ഡുകളില്‍ പോലും പ്രസിദ്ധീകരിക്കാതെ വ്യക്തിഗത മെയിലുകളിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നതെന്നു രാജമാണിക്യം പറയുന്നു.
തങ്ങളുടെ മക്കള്‍ക്കു മാര്‍ക്കു കുറഞ്ഞു പോയെന്നു കരുതുന്ന മാതാപിതാക്കളോടു രാജമാണിക്യത്തിനു പറയാനുള്ളത് ഇവയാണ്:-
1. ദയവായി നിങ്ങളുടെ അയല്‍ക്കാരുടെയോ കൂട്ടുകാരുടെയോ മക്കളുമായി നിങ്ങളുടെ കുട്ടികളെ താരതമ്യം ചെയ്യരുത്. ഒരുമിച്ച് എസ്എസ്എല്‍സി പാസ്സായി അച്ഛനും മകളും
2. നിങ്ങളുടെ കുട്ടികളുടെ ഭാവി അവരെ നിങ്ങള്‍ ഇപ്പം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു
മാര്‍ക്കു കുറഞ്ഞു പോയി എന്നതു കൊണ്ടു തങ്ങള്‍ക്ക് സങ്കടമൊന്നുമില്ലെന്നു പറഞ്ഞും അവരുടെ പ്രയത്നത്തെ അഭിനന്ദിച്ചും കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരണം. എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നപ്പോള്‍ ഇതാണ് തന്റെ പിതാവ് ചെയ്തതെന്നും ഇന്നു താന്‍ നേടിയതെല്ലാം അന്നു പിതാവ് പറഞ്ഞ ആ വാക്കുകള്‍ മൂലമാണെന്നും ഈ ഐഎഎസുകാരന്‍ പറയുന്നു.
മാര്‍ക്കു കുറഞ്ഞു പോയ കുട്ടികള്‍ നിരാശരാകരുതെന്നും മാര്‍ക്കുകള്‍ മാത്രമല്ല ജീവിത വിജയത്തിന്റെ മാനദണ്ഡമെന്നും രാജമാണിക്യം ഓര്‍മ്മിപ്പിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ വിദ്യാഭ്യാസം മാര്‍ക്ക് അടിസ്ഥാനമാക്കിയ രീതി തുടരുന്നതിനാല്‍ നമ്മളെല്ലാവരും സ്വര്‍ണ്ണക്കൂട്ടില്‍ അടച്ചിട്ട പാവകളെ പോലെയായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
അതേസമയം വിജയത്തിന്റെ അളവു നിങ്ങളുടെ മാര്‍ക്കല്ല മറിച്ചു നിങ്ങളുടെ ലക്ഷ്യവും മൂല്യങ്ങളും മനോഭാവവുമാണ് നിര്‍ണ്ണയിക്കുന്നത്. അതിനാല്‍ ഒരു ലക്ഷ്യമുണ്ടാക്കിയെടുത്ത്, മൂല്യങ്ങള്‍ പരിപോഷിപ്പിച്ച്, പോസിറ്റീവായ മനോഭാവം വളര്‍ത്തിയാല്‍ വിജയം സുനിശ്ചിതമാണ്.