പ്രളയക്കെടുതി മൂലമുണ്ടായ വിവിധ പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാന്‍ കഷ്ടപ്പെടുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും. എന്നാല്‍ നേരിട്ട ദുരന്തങ്ങളെയെല്ലാം ധീരതയോടെ നേരിട്ടപ്പോള്‍ അതെല്ലാം ഒന്നൊന്നായി അലിഞ്ഞില്ലാതാവുന്ന കാഴ്ചയാണ് കാണാനായത്.
കേരളത്തിനുവേണ്ടി പ്രയത്‌നിച്ച ഒട്ടേറെ ആളുകളുണ്ട്. സാമ്പത്തികമായ സഹായങ്ങളും ധാരാളമെത്തുന്നുണ്ട്. എന്നാല്‍ എല്ലാത്തിനേക്കാളുമുപരിയായി കൈമെയ്യ് മറന്ന് അത്യധ്വാനം ചെയ്ത ഒരു കൂട്ടരുണ്ട്. കേരളത്തിലെ യുവജനം.
നാട്ടുകാരും വീട്ടുകാരുമെല്ലാം അവരുടെ അധ്വാനത്തെ ഇപ്പോള്‍ അനുമോദിക്കുകയാണ്. ഇപ്പോഴിതാ കേരളത്തിലെ യുവജനങ്ങളുടെ ഉദാരപ്രവര്‍ത്തനങ്ങളില്‍ തനിക്കുണ്ടായ അത്ഭുതവും ആവേശവും വെളിപ്പെടുത്തി രാജമാണിക്യം ഐഎഎസ് രംഗത്തെത്തിയിരിക്കുന്നു.
ഒരു വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. എന്തിനും തയാറായി നില്‍ക്കുന്ന ചെറുപ്പക്കാരായ സന്നദ്ധ പ്രവര്‍ത്തകര്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും ഒന്നിലധികം ദിവസത്തെ വരുമാനം സംഭാവന ചെയ്ത ചെറുപ്പക്കാരടക്കമുള്ള ഒട്ടേറെ ആളുകളുണ്ടെന്നും രാജമാണിക്യം പറഞ്ഞു.
സ്വന്തം വീട്ടില്‍ വെള്ളം കയറിയിട്ടു പോലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടന്ന ധാരാളം യുവാക്കളുണ്ടെന്നും ഫോണില്‍ കുത്തിയിരിക്കുന്നവരെന്ന് അപമാനിച്ച് തള്ളിക്കളയേണ്ടവരല്ല അവരെന്നും അവരുടെ ശ്രദ്ധ ഫോണില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.