പുൽപ്പള്ളി: ലോട്ടറിയടിച്ചതും ആക്രി പെറുക്കിയും ലഭിച്ച തുക പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകി മാതൃകയാവുകയാണ് ഏരിയപ്പള്ളി കോളനിയിലെ രാജമ്മ. കഴിഞ്ഞ ദിവസം ലോട്ടറിയടിച്ച് ലഭിച്ച അയ്യായിരം രൂപയും കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്കും പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലേക്കും വഴിപാടിനായി ലഭിച്ച തുകയുൾപ്പെടെയാണ് ആറായിരത്തോളം രൂപ പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്.
കഴിഞ്ഞ വർഷവും ചെന്നൈയിലെ ക്ഷേത്രത്തിൽ വഴിപാടായി നൽകാനിരുന്ന പണം പ്രളയബാധിതർക്കായി നൽകിയിരുന്നു. പുൽപ്പള്ളി ടൗണിലും മറ്റും ആക്രി സാധനങ്ങൾ ശേഖരിച്ചുമാണ് രാജമ്മ ഉപജീവനം നടത്തുന്നത്. രാജമ്മ നൽകിയ തുക പുൽപ്പള്ളി എസ്ഐ അജീഷ് കുമാർ രാജമ്മയുമായി ട്രഷറിയിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു.