മറയൂർ: കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രം പ്രതിയോഗികളെയെല്ലാം അടിച്ചുവീഴ്ത്തിയശേഷം കസേരയിൽ ഇരുന്നു പറയുന്ന ഷമ്മി ഹീറോയാടാ ഹീറോ എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരമുള്ളതാണ്.
ജീവിതത്തിൽ പ്രതിയോഗിയായി എത്തിയ സാക്ഷാൽ പുലിയെ തല്ലിയോടിച്ച് വളർത്തുനായയെ രക്ഷിച്ച രാജമ്മയെ അയൽക്കാർ പറയുന്നു ഷമ്മിയല്ല ഹീറോ രാജമ്മയാടാ ഹീറോ.
പാന്പൻപാറ ഇരുപ്പുവിള വീട്ടിൽ രാജമ്മയാണ് അതിസാഹസികമായി പുള്ളിപ്പുലിയെ തല്ലയോടിച്ച് വളർത്തുനായയെ പരിക്കുകളോടെ രക്ഷപെടുത്തിയത്.
കുറേ നാളുകളായി കാന്തല്ലൂർ പഞ്ചായത്തിലെ പാന്പൻപാറ, ചുരക്കുളം നിവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുന്ന പുലിയാണ് തിങ്കളാഴ്ച രാത്രി 7.55-ഓടെ രാജമ്മയുടെ വീട്ടുമുറ്റത്തെത്തി കുക്ക്രു എന്ന വളർത്തുനായെ കടിച്ചുകീറാൻ ശ്രമിച്ചത്.
ടിവി കണ്ടുകൊണ്ടിരുന്ന രാജമ്മ നായുടെ കുരകേട്ട് ആനയാകാമെന്നുകരുതി ടോർച്ചുമായി പുറത്തിറങ്ങിയപ്പോഴാണ് രണ്ടുകാലും വരാന്തയിലേക്ക് എടുത്തുവച്ച് നായയെ കടിച്ചുവലിക്കാൻ ശ്രമിക്കുന്ന പുള്ളിപ്പുലിയെ കണ്ടത്.
ഉടൻതന്നെ വീടിന്റെ വാതിലിനുസമീപം സൂക്ഷിച്ചിരുന്ന വടിയെടുത്ത് നായയെ ആക്രമിച്ച ജീവിയെ പൊതിരെ തല്ലി.
അടിയേറ്റ പുലി രാജമ്മയ്ക്കുനേരെ തിരിഞ്ഞെങ്കിലും കൈയിലുള്ള വടി നിരന്തരം വീശിയതിനെതുടർന്നും പെട്ടന്ന് ആയൽവാസികൾ ഓടിയെത്തുന്നതിനായി അലറുകയും ചെയ്ത് വാരന്തയിലെ ലൈറ്റിട്ടപ്പോൾ പുള്ളിപ്പുലി പിൻതിരിയുകയായിരുന്നെന്ന് രാജമ്മ പറയുന്നു.
നാലേക്കർ വരുന്ന കൃഷിഭൂമിയിലാണ് രാജമ്മ താമസിക്കുന്നത്. സ്ഥലത്തെ കുറച്ചുഭാഗമൊഴികെ ബാക്കിയെല്ലായിടത്തും സൗരോർജവേലിയും സ്ഥാപിച്ചൂണ്ട്.
അയൽവാസികളെല്ലം വളരെ ദൂരത്തിലുമാണ്. പുലി പോയശേഷം ഫോണ്ചെയ്താണ് അയൽവാസികളെ വിവരമറിയിച്ചത്.
വെള്ളിയാഴ്ച രാത്രി പാന്പൻപാറ സ്വദേശി മനോജിന്റെ വീട്ടിലും പുള്ളിപ്പുലി എത്തിയിരുന്നു. കാൽപാടുകൾ പരിശോധിച്ചുവരുന്നതിനിടെയാണ് രാജമ്മയുടെ വീട്ടുമുറ്റത്ത് പുലി എത്തിയത്.
രണ്ടു പെണ്മക്കളും മകനും ഉൾപ്പെടെ മൂന്നു മക്കളാണ് രാജമ്മയ്ക്കുള്ളത്. ഭർത്താവ് ജോണി 15 വർഷം മുൻപ് മരിച്ചു. മക്കൾ വിവാഹം കഴിഞ്ഞതിനെതുടർന്ന് തനിച്ചാണ് രാജമ്മ താമസിക്കുന്നത്.