അടൂർ: എംസി റോഡിൽ പുതുശേരി ഭാഗത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദന്പതികളും മകനും മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ മടവൂര്‍ പുലിയൂര്‍കോണം വലംപിരിപിള്ളി മഠത്തിൽ രാജശേഖരൻ ഭട്ടതിരി(66), ഭാര്യ ശോഭ (62), മകൻ നിഖിൽരാജ് (32) എന്നിവരാണു മരിച്ചത്.
രാജശേഖരൻ ഭട്ടതിരിയും ഭാര്യയും അപകടസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ നിഖിൽരാജ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.
ഇന്നലെ രാവിലെ 6.30ഓടെ പുതുശേരിഭാഗം കത്തോലിക്കാ പള്ളിക്കു സമീപമാണ് അപകടം. കൊട്ടാരക്കരയിൽനിന്നും അടൂർ ഭാഗത്തേക്കു വന്ന മാരുതി സെലേറിയോ കാറും കൊട്ടാരക്കര ഭാഗത്തേക്കു പോയ മരുതി ബ്രസ കാറുമാണ് കൂട്ടിയിടിച്ചത്.
കുളനടയിലെ സ്വകാര്യ ആശുപത്രിയിലേക്കു ചികിത്സാർഥം വരികയായിരുന്ന രാജശേഖരൻ ഭട്ടതിരിയും കുടുംബവും സഞ്ചരിച്ച സെലേറിയോ കാറിലേക്ക് എതിർദിശയിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നുവെന്നു പറയുന്നു.
ഇതിലെ യാത്രക്കാരായ ചടയമംഗലം അനസ് മൻസിൽ, അനസ് (26) മേലേതിൽ വീട്ടിൽ ജിതിൻ (26), അജാസ് മൻസിൽ അജാസ് (25), പുനക്കുളത്ത് വീട്ടിൽ അഹമ്മദ് (23) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്ടുനിന്നു ചടയമംഗലത്തേക്കു പോകുകയായിരുന്നു അപകടത്തില്‍പ്പെട്ട രണ്ടാമത്തെകാര്. ഓടിക്കൂടിയവരും ഏനാത്ത് പോലീസും ചേര്‍ന്നാണ് വാഹനത്തില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
മടവൂര്‍ കളരി ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് മരിച്ച രാജശേഖരന് ഭട്ടതിരി. കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കില്‍ പ്രമുഖ കമ്പനിയിലെ ജീവനക്കാരാണ് മകന് നിഖില്‍ രാജ്.