ഇരിങ്ങാലക്കുട: വാഹന പാർക്കിംഗിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് മാപ്രാണം വർണ തിയറ്റർ നടത്തിപ്പുകാരന്റെയും, ക്വട്ടേഷൻ സംഘത്തിന്റെയും വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു. ഇവരുടെ കുത്തേറ്റ് മരുമകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. മാപ്രാണം തളിയക്കോണം സ്വദേശി വാലത്ത് വീട്ടിൽ രാജൻ (63) ആണ് മരിച്ചത്. രാജന്റെ മരുമകൻ വിനുവാണ് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇന്നലെ രാത്രി 12.30 നാണ് സംഭവം.
ഇന്നലെ രാത്രി ഒന്പതോടെ രാജന്റെ മരുമകൻ വിനു തിയേറ്റർ നടത്തിപ്പുകാരൻ സഞ്ജയുമായി പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങൾക്കു തുടക്കം. തിയേറ്ററിനു സമീപത്തെ റോഡിൽ അനധികൃത പാർക്കിംഗ് നടത്തുന്നതിനാൽ ഈ വഴിയിലുള്ള വീടുകളിലേക്കുള്ള സഞ്ചാരത്തിന് ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇന്നലെയും വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം വിനുവിന് വീട്ടിലേക്ക് പോകാൻ സാധിച്ചിരുന്നില്ല.
ഇതിനെ തുടർന്ന് ഇക്കാര്യം തിയേറ്റർ നടത്തിപ്പുക്കാരനായ സഞ്ജയിനെ ധരിപ്പിക്കുന്നതിനിടയിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. വിനു വീട്ടിലേക്ക് തിരികെ പോയതിനുശേഷം രാത്രി 12.30 ന് തിയേറ്റർ നടത്തിപ്പുക്കാരനായ സഞ്ജയും മറ്റ് മൂന്നു പേരും ചേർന്ന് ഓട്ടോറിക്ഷയിൽ രാജന്റെ വീട്ടിൽ എത്തുകയായിരുന്നു. ഓട്ടോയിൽ നിന്നിറങ്ങിയ സംഘം വീട്ടുകാരെ വിളിച്ചിറക്കി മർദിച്ചു.
മർദനത്തിനിടയിൽ സഞ്ജയ് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് രാജനെയും വിനുവിനെയും കുത്തി പരിക്കേൽപ്പിച്ചു. ഇതുകണ്ട് രാജന്റെ ഭാര്യ പുഷ്പയും മക്കളും വീട്ടിൽ നിന്നിറങ്ങി വന്ന് തടയാൻ ശ്രമിച്ചെങ്കിലും, രാജനെയും, വിനുവിനെയും ബിയർ കുപ്പികൊണ്ട് തലകടിച്ചശേഷം കത്തികൊണ്ട് കുത്തിയശേഷം വടിവാൾകൊണ്ട് വെട്ടുകയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
അക്രമത്തിനുശേഷം സംഘം ഓട്ടോറിക്ഷയിൽ തന്നെ രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാർ രാജനെയും, വിനുവിനെയും മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാജന്റെ ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിനേറ്റ ആഴത്തിലുള്ള മുറിവും തലക്കേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവമറിഞ്ഞ് രോഷാകുലരായ നാട്ടുകാർ തിയറ്ററിലേക്ക് തള്ളികയറാൻ ശ്രമിക്കുകയും തിയറ്റർ ഉപരോധിക്കുകയും ചെയ്തു.
ഉടൻ തന്നെ ഇരിങ്ങാലക്കുട സിഐ പി.ആർ. ബിജോയ്, എസ്ഐ കെ.എസ് സുബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. തിയറ്ററിന് പോലീസ് കാവൽ ഏർപ്പെടുത്തി. സഞ്ജയ് മുന്പും പ്രദേശവാസികളുമായി സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞീട്ടുണ്ട്. പ്രതികളെല്ലാം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.