ഒറ്റയാള്‍ പോരാട്ടത്തിലൂടെ വിജയം സ്വന്തമാക്കിയ മോദിയെപ്പോലെ ഊര്‍ജിത വ്യക്തിപ്രഭാവമുള്ള നേതാക്കളെയാണ് ഇന്ത്യക്ക് ആവശ്യം! മോദി സ്തുതി ആവര്‍ത്തിച്ച് രജനീകാന്ത്

രണ്ടാമതും രാജ്യത്തെ പ്രധാനമന്ത്രിയായി അധികാരത്തില്‍ ഏറുന്ന നരേന്ദ്ര മോദിയെ പ്രശംസിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. രാജ്യത്തിന് ആവശ്യം മോദിയെ പോലെ ഊര്‍ജിത വ്യക്തിപ്രഭാവമുള്ള നേതാക്കളെ ആണെന്നും അദ്ദേഹം കരുത്തനായ ഒരു നേതാവാണെന്നും രജനീകാന്ത് പറഞ്ഞു.

നെഹ്റുവിനും രാജീവ് ഗാന്ധിക്കും ശേഷമുള്ള ‘കാരിസ്മാറ്റിക് ലീഡര്‍’ ആണ് മോദി എന്നാണ് രജനീകാന്ത് പറഞ്ഞത്. രാജ്യത്ത് ‘ഒറ്റയാള്‍ പോരാട്ടം നടത്തി തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയ മോദിയെപ്പോലെ ഊര്‍ജിത വ്യക്തിപ്രഭാവമുള്ള നേതാക്കളാണ് ഇന്ത്യയ്ക്ക് ആവശ്യം.

വാജ്പേയിക്ക് ശേഷം ഇന്ത്യയിലെ കരുത്തനായ നേതാവ് മോദിയാണെന്നാണ് എന്റെ അഭിപ്രായം’- രജനീകാന്ത് വ്യക്തമാക്കി. അതേ സമയം കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ ബാക്കി എല്ലായിടത്തും മോദി തരംഗമാണ്. ഈ തരംഗത്തിനെതിരെ നീങ്ങുന്നവര്‍ മുങ്ങിപ്പോകുമെന്നും എന്‍ഡിഎ തമിഴ്നാടിനെ ഗൗരവത്തോടെ പരിഗണിക്കണമെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.

ഇതിനു പുറമെ കാവേരി-കൃഷ്ണ-ഗോദാവരി നദികളുടെ സംയോജനത്തില്‍ നിതിന്‍ ഗഡ്കരിയുടെ നിലപാടിനെ അനുകൂലിക്കുമെന്നും രജനീകാന്ത് പറഞ്ഞു. വ്യാഴാഴ്ച്ച നടക്കുന്ന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രജനീകാന്ത് പങ്കെടുക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

Related posts