ലുധിയാന: വിദ്യാഭ്യാസത്തിന് പ്രായപരിധിയില്ലെന്നു തെളിയിച്ചിരിക്കുകയാണ് പഞ്ചാബ് ലുധിയാനയിലെ രജനി ബാല. ജീവിതസാഹചര്യങ്ങൾമൂലം 29 വർഷം മുൻപ് ഉപേക്ഷിച്ച പത്താം ക്ലാസ് പഠനത്തിനായി തന്റെ മകനൊപ്പമാണ് രജനി വീണ്ടും പുസ്തകങ്ങൾ കൈയിലേന്തിയത്. മകനോടൊപ്പം ലുധിയാനയിലെ സ്കൂളിലെത്തി രജനി പത്താം ക്ലാസ് പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുകയാണ്.
44 വയസുള്ള രജനി 1989ലാണ് ഒൻപതാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നിട് വിവാഹിതയായ രജനിക്കു തുടർന്നു പഠിക്കാൻ സാധിച്ചിരുന്നില്ല. താൻ ഇപ്പോൾ സിവിൽ ആശുപത്രിയിലെ ജീവനക്കാരിയാണെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കേണ്ടത് ആവശ്യമാണെന്ന് മനസിലാക്കിയതോടെയാണ് വീണ്ടും പഠിക്കാൻ തീരുമാനിച്ചതെന്നും രജനി പറഞ്ഞു.
തന്റെ മകൻ പത്താം ക്ലാസിലായിരുന്നുവെന്നും അവനോടൊപ്പമാണ് പഠിച്ചതെന്നും അവർ പറഞ്ഞു. കുടുംബത്തിലെ എല്ലാവരും തനിക്ക് പൂർണ പിന്തുണ നൽകിയെന്നും തന്റെ മകൾ പഠനത്തിനായി സഹായിച്ചുവെന്നും രജനി പറഞ്ഞു.