കുപ്രസിദ്ധ അധോലോക നായകൻ ഹാജി മസ്താനായി രജനീകാന്ത് വെള്ളിത്തിരയിലെത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് അടുത്തയിടെയാണ്.
കബാലിക്കു ശേഷം സംവിധായകൻ പാ രഞ്ജിത്തുമായി രജനി ഒരുമിക്കുന്ന ചിത്രത്തിലാണ് ഹാജി മസ്താൻ മിർസയായി രജനി വേഷമിടുന്നതെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇതിനിടെ രജനീകാന്തിന് മുന്നറിയിപ്പുമായി ഹാജി മസ്താന്റെ മകൻ (എടുത്തുവളർത്തിയ മകൻ) സുന്ദർശേഖർ രംഗത്തെത്തിയിരിക്കുന്നു.
ഒരു കള്ളക്കടത്തുകാരനായും അധോലോകനായകനായും തന്റെ അച്ഛനെ ചിത്രീകരിക്കരുതെന്നും അങ്ങനെ എന്തെങ്കിലും സിനിമയിൽ ഉണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്നും രജനിക്ക് സുന്ദർശേഖർ കത്തെഴുതി. അങ്ങനെ ചെയ്താൽ അച്ഛനെ അപമാനിക്കുന്നതിന് തുല്യമാകുമെന്നും ഒരുകോടതിയിലും കള്ളക്കടത്തുകാരനാണെന്ന് അച്ഛൻ സമ്മതിച്ചിട്ടില്ലെന്നും സുന്ദർ പറയുന്നു.
മുംബൈ അധോലോകത്തിലെ ആദ്യകാലദാദയായിരുന്ന ഹാജി മസ്താൻ ബോളിവുഡിന്റെ പ്രിയങ്കരനായിരുന്നു. ദീവാർ, വണ്സ്അപോണ് എ ടൈം ഇൻ മുംബൈ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി എടുത്തവയാണ്.