ഇരിങ്ങാലക്കുട: പ്രണയം നടിച്ചു വശത്താക്കി ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കാട്ടൂർ തിരുത്ത് പറന്പിൽ വീട്ടിൽ ക്വട്ടേഷൻ സംഘത്തലവൻ ബിനീഷ് എന്ന രജനി (37) യാണ് പോലീസ് പിടിയിലായത്. അംഗൻവാടി ജോലിക്കാരിയായ ദളിത് യുവതിയെയാണ് ഇയ്യാൾ പീഡിപ്പിച്ചത്.
ജോലിയ്ക്ക് പോകുംവഴിയാണ് പ്രതി യുവതിയെ കണ്ടുമുട്ടിയതും അടുപ്പത്തിലായതും. പ്രതിയ്ക്ക് ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്നുള്ള വിവരങ്ങൾ മറച്ചുവെച്ചുകൊണ്ടും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയുമാണ് പ്രതി യുവതിയെ വശത്താക്കിയത്. മൂന്ന് വർഷത്തോളമായി വീട്ടിൽ വെച്ചും കോഴിക്കോട്, പാലക്കാട്, കോയന്പത്തൂർ, തിരുപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയും ലൈംഗികമായി പീഡിപ്പിച്ചു.
ശേഷം ബസിൽ കയറി വീട്ടിലേക്ക് പോകുംവഴി പ്രതി യുവതിയോട് ഒന്നും പറയാതെ മുങ്ങുകയായിരുന്നു.യുവതി വീട്ടിൽ എത്തിയശേഷം പോലീസിൽ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് ബിനീഷ് എന്ന രജനിയെ പിടികൂടുന്നതിനായി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. അങ്ങനെയാണ് ഇരിങ്ങാലക്കുട എഎസ്പിയുടെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
ഇയാൾ കാട്ടൂർ പ്രദേശത്തെ ക്വട്ടേഷൻ സംഘത്തിലെ പ്രധാന കണ്ണിയായതിനാൽ ഇയാളെ കുറിച്ച് ആരും തന്നെ വിവരങ്ങൾ പറയാൻ തയ്യാറല്ലായിരുന്നു. മുന്പ് 1994 ലെ സൽഗുണ വധത്തിലെ പ്രതിയായിരുന്ന ഇയാൾ 2012 ലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചുണ്ടായ രണ്ടര കിലോ സ്വർണം തട്ടിയെടുത്ത കേസിലും കാട്ടൂരിലെ കരാഞ്ചിറ പരിസരത്ത് നിന്നും 40,000 രൂപ തട്ടിയെടുത്ത കേസിലും പ്രതിയാണ്. പ്രതി കോഴിക്കോട് ഉണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം കോഴിക്കോട് എത്തി അന്വേഷണം നടത്തിയെങ്കിലും ബിനീഷ് എന്ന രജനിയെ കണ്ടെത്താനായില്ല. പിന്നീട് ഇയാളുടെ ഭാര്യയെ ചുറ്റി പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.