മുംബൈ: രജനീകാന്ത് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ദർബാറിന്റെ ചിത്രീകരണം മുംബൈയിൽ തടസപ്പെട്ടു. ഷൂട്ടിംഗ് നടക്കുന്ന കോളജിൽ സിനിമാ ചിത്രീകരണ സംഘം കർശന നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ കല്ലെറിഞ്ഞതോടെയാണ് ചിത്രീകരണം മുടങ്ങിയത്.
ഷൂട്ടിംഗിന്റെ ചിത്രങ്ങളും വീഡിയോയും പകർത്തുന്നതിന് ക്രൂ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് കെട്ടിടങ്ങളുടെ മുകളിൽനിന്നു വിദ്യാർഥികൾ കല്ലുകൾ എറിഞ്ഞു. കല്ലുകളിൽ ചിലത് അംഗങ്ങളുടെ ശരീരത്തിൽ പതിച്ചു. ഇതോടെ സംവിധായകൻ എ.ആർ. മുരുഗദോസ് സ്കൂൾ മാനേജ്മെന്റിനോടു പരാതിപ്പെട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇവിടെ നിന്നു മാറ്റാനും നിർമാതാക്കൾ ആലോചിക്കുന്നുണ്ട്.
രജനി പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന സിനിമയിൽ നയൻതാരയാണ് നായിക. രജനിയുടെ 167-ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നത്. എസ്.ജെ. സൂര്യ വില്ലൻ കഥാപാത്രത്തിലെത്തുന്നു.
1992-ൽ പുറത്തിറങ്ങിയ പാണ്ഡ്യൻ എന്ന സിനിമയിലാണ് രജനി അവസാനമായി പോലീസ് വേഷത്തിൽ എത്തിയത്. സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.