ചെന്നൈ: നടൻ രജനികാന്തിന്റെ തമിഴ് രാഷ്ട്രീയ പ്രവേശനത്തെ തള്ളി അണ്ണാ ഡിഎംകെ വിമത വിഭാഗം നേതാവ് ടി.ടി.വി. ദിനകരൻ. തമിഴ്നാട്ടിൽ എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാൻ ആർക്കും കഴിയില്ലെന്ന് ശനിയാഴ്ച ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ ദിനകരൻ പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നതിനു മുന്പാണ് ദിനകരൻ രജനിയെ തള്ളി രംഗത്തെത്തിയത്.
ജനങ്ങൾ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയ്ക്ക് പകരകാരനാവാൻ ആർക്കും കഴിയില്ല. അമ്മയുടെ വിശ്വസ്തരായ വോട്ടർമാരെ മറിക്കാൻ ആർക്കും കഴിയില്ല. ആരെ വേണമെങ്കിലും എംജിആറിനോടും അമ്മയോടും താരതമ്യം ചെയ്യാൻ സാധിക്കും. പക്ഷേ, ഒരു അമ്മയും ഒരു എംജിആറും മാത്രമേയുള്ളു- ദിനകരൻ പ്രതികരിച്ചു.
ചെന്നൈയിൽ ആരാധക സംഗമത്തിന്റെ സമാപനത്തിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. സ്വന്തം പാർട്ടി രൂപീകരിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ച രജനി, തമിഴ്നാട് രാഷ്ട്രീയ ജീർണിച്ച അവസ്ഥയിലാണെന്നും ഈ സാന്പ്രദായിക സംവിധാനങ്ങളെ മാറ്റിമറിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തുറന്നടിച്ചു.
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഒട്ടേറെ ഉൗഹാപോഹങ്ങളിൽ ഡിസംബർ 31 ന് വ്യക്തത വരുത്തുമെന്ന് രജനി നേരത്തെ വ്യക്തമാക്കിയിരുന്നു. ജയലളിതയുടെ നിര്യാണത്തോടെ, പലവഴിയായി ചിതറിയ തമിഴ് രാഷ്ട്രീയത്തിൽ രജനീകാന്തിന്റെ പ്രഖ്യാപനം ഏറെ നിർണായകമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. രജനിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് നടൻ കമൽഹാസനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.