കേരളത്തിലെത്തി പിണറായിയെ കണ്ട കമല്‍ഹാസന്‍ ചെന്നൈയിലെത്തിയപ്പോള്‍ നിറംമാറി, താന്‍ ഇടതുപക്ഷത്താണെന്നു തോന്നുന്നവര്‍ അല്പം വലത്തേക്ക് വരേണ്ടിവരുമെന്ന് കമല്‍, മോദിയെ പ്രശംസിച്ച് രജനിയും, തമിഴകത്ത് രജനി-കമല്‍-താമര കൂട്ടുകെട്ടോ?

രണ്ടാഴ്ച്ച മുമ്പാണ് കമല്‍ഹാസന്‍ തിരുവനന്തപുരത്ത് പറന്നിറങ്ങിയത്. അതും മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വേണ്ടി മാത്രം. രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുമ്പുള്ള യാത്രയാണിതെന്നും നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും കാലുകുത്തിയ ഉടന്‍ ഉലകനായകന്‍ പ്രഖ്യാപിക്കുകയും ചെയ്തു. പിണറായി വിജയനെ കൂടിക്കാഴ്ച്ചയ്ക്കുശേഷം ഏറെ പ്രകീര്‍ത്തിച്ച കമല്‍ പക്ഷേ ഇപ്പോള്‍ മറുകണ്ടം ചാടിയിരിക്കുകയാണ്. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സിപിഎമ്മിനൊപ്പം ചേരുമെന്ന വാര്‍ത്തകള്‍ കമല്‍ പാടേ നിരാകരിച്ചത്.

അഭിമുഖത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദേഹത്തിന്റെ പ്രവൃത്തികളെയും പ്രകീര്‍ത്തിക്കാനാണ് കമല്‍ ശ്രമിച്ചത്. നോട്ടു നിരോധനവും സര്‍ജിക്കല്‍ സ്‌ട്രൈക്കും മികച്ച നീക്കമായിരുന്നു വിലയിരുത്തിയ താരം താന്‍ ഇടതുപക്ഷത്തോ വലതുപക്ഷത്തോ അല്ലെന്നും മധ്യപക്ഷത്താണെന്നും വ്യക്തമാക്കി. ഇടതുപക്ഷത്താണെന്ന് ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ അല്പം വലത്തേക്ക് വരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയത്തിന്റെ നിറം കാവിയല്ല എന്ന് മുമ്പ് പറഞ്ഞതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍,ധരിച്ചിരുന്ന കറുത്ത ഷര്‍ട്ട് ചൂണ്ടുിക്കാട്ടി ഇതില്‍ കാവി ഉള്‍പ്പെടെ എല്ലാ നിറങ്ങളും ഉണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

അതിനിടെ രജനികാന്തും മോദിയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. തമിഴ് രാഷ്ടീയത്തില്‍ രജനിയും കമലും താമര കൂടാരത്തില്‍ ഒന്നിക്കുമോയെന്ന സംശയത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയെങ്കിലും അതിനായുള്ള ശ്രമങ്ങള്‍ ഇതുവരെ മുന്നോട്ടുപോയിട്ടില്ല. മാത്രമല്ല ഇരുവരും അടുത്തിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ കാര്യമായ വേരോട്ടമില്ലാത്ത ബിജെപി ഇരു താരരാജക്കന്മാരെയും ഒപ്പംകൂട്ടി എതിരാളികളെ ഞെട്ടിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. എന്തുതന്നെയായാലും തമിഴ് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ പ്രതീക്ഷിക്കാം വരുന്ന ആഴ്ച്ചകളില്‍.

Related posts