ബോളിവുഡ് സുന്ദരി വിദ്യാബാലൻ തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ നായികയായേക്കുമെന്ന് റിപ്പോർട്ട്. തമിഴിൽ ആദ്യമായിട്ടാണ് വിദ്യാ ബാലൻ അഭിനയിക്കാൻ തയാറെടുക്കുന്നത്. പാ രഞ്ജിത് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിട്ടുണ്ട്. രജനീകാന്തിന്റെ നായികയായി തന്നെ തമിഴിൽ ആദ്യമായി അരങ്ങേറ്റം കുറിക്കാനാവുന്നുവെന്നത് വിദ്യാബാലനെ സംബന്ധിച്ച് ഏറെ സന്തോഷകരമായ കാര്യമാണ്. താരം ചിത്രത്തിനായി ഡേറ്റ് നൽകിയതായിട്ടാണ് വിവരം.
മാത്രവുമല്ല, ചിത്രത്തിൽ അഭിനയിക്കാൻ തയാറെടുക്കുന്നതിന്റെ ത്രില്ലിലുമാണ് വിദ്യ ഇപ്പോൾ. ഇതു രണ്ടാം തവണയാണ് പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്നത്. 2016ലെ ബിഗ് ബജറ്റ് ചിത്രമായ കബാലിയിലാണ് ഇരുവരും മുന്പ് ഒന്നിച്ചത്. രജനീകാന്തിന്റെ മരുമകനും തമിഴിലെ സൂപ്പർനായകനുമായ ധനുഷ് ഈ ചിത്രത്തിനു വേണ്ടി പണം മുടക്കുമെന്നാണ് കേൾക്കുന്നത്. 350കോടി രൂപ മുടക്കി നിർമിക്കുന്ന ചിത്രം വരുന്ന ദീപാവലിക്ക് പ്രദർശനത്തിനെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.