പന്തളം: പന്തളം- കുടശനാട് ചിറയ്ക്കു കിഴക്കേതിൽ പീതാംബരന്റെ മകൾ രജനി(38) ആകെ വിഷമവൃത്തത്തിലാണ്. അനാവശ്യ കീമോതെറാപ്പി ഒരു പെൺകുട്ടിയുടെ അമ്മയായ രജനിയെ ആകെ തളർത്തിയിരിക്കുന്നു. നീതി ലഭിച്ചില്ലെങ്കിൽ നിയമനടപടിക്കു പോകുമെന്നു രജനിയുടെ കുടുംബം പറയുന്നു.
പരിശോധനാ ഫലത്തിലെ തെറ്റുമൂലം ഇല്ലാത്ത കാൻസറിനു ലഭിച്ച കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ അനുഭവിക്കുകയാണ് ഇവർ. മുടിയെല്ലാം കൊഴിഞ്ഞു. മുഖത്തും ശരീരമാകെയും കരുവാളിപ്പുമുൾപ്പെടെയുള്ള അസ്വസ്ഥതകൾ നേരിടുകയാണിവർ. നെഞ്ചിൽ മുഴയ്ക്കുള്ള ചികിത്സയ്ക്കായാണ് കോട്ടയം മെഡിക്കൽ കോളജിലെ സർജറി യൂണിറ്റിൽ ഫെബ്രുവരി 28ന് അഡ്മിറ്റായത്.
സ്വകാര്യ ലാബുകാരുടെയും ഡോക്ടർമാരുടെയും ഗുരുതരമായ അനാസ്ഥ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കു മുന്നിൽ പകച്ചിരിക്കുകയാണ് ഇപ്പോൾ രജനി. രോഗമാണെന്ന് അറിഞ്ഞതോടെ താനും കുടുംബവും അനുഭവിച്ച മനഃക്ലേശം വിവരിക്കാനാവാത്തതാണെന്നു രജനി പറയുന്നു.