കോട്ടയം: സ്വകാര്യ ലാബോറട്ടറിയിൽനിന്നു നൽകിയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ വീട്ടമ്മയ്ക്ക് അർബുദ ചികിത്സ നല്കിയ സംഭവത്തിൽ കോട്ടയം മെഡി ക്കൽ കോളജ് പ്രിൻസിപ്പൽ ജോസ് ജോസ ഫ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്ക കം റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് നൽകും. ചികിത്സയുടെ പ്രാഥമിക ഘട്ടം കഴിഞ്ഞപ്പോൾ അർബുദ രോഗമില്ലെന്നു കോട്ടയം മെഡിക്കൽ കോളജ് പതോളജി ലാബിൽനിന്നു റിപ്പോർട്ട് ലഭിച്ചതോടെയാണ് വീട്ടമ്മ രക്ഷപ്പെട്ടത്.
കാൻസർ ബാധിതയെന്ന പേരിൽ കീമോതെറാപ്പി ചികിത്സ നടത്തിയതിനെത്തുടർന്ന് വീട്ടമ്മയുടെ തലമുടി പൂർണമായും കൊഴിഞ്ഞു പോയി. ശരീരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാകുകയും ചെയ്തു. ഇല്ലാത്ത രോഗം ഉണ്ടെന്നു പറഞ്ഞതിന്റെ പേരിൽ അനുഭവിച്ച മാനസിക വ്യഥ വേറെ. ഒടുവിൽ വീട്ടമ്മ ആരോഗ്യ മന്ത്രിക്കു പരാതി നൽകുകയാ യിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ ഓങ്കോളജി, ജനറൽ സർജറി വിഭാഗത്തിലാണു സംഭവം.
മാവേലിക്കര നൂറനാട് പാലമേൽ ചിറയ്ക്കൽ കിഴക്കേതിൽ രജനി(38)യാണ് ഇല്ലാത്ത രോഗത്തിനു ചികിത്സയ്ക്ക് ഇരയായെന്നു മന്ത്രിക്കു പരാതി നൽകിയത്. സംഭവം ഇങ്ങനെ: മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗത്തിൽ കഴിഞ്ഞ ഫെബ്രുവരി 28ന് രജനി മാറിടത്തിൽ ഉണ്ടായ മുഴയ്ക്കു ചികിത്സ തേടിയെത്തി. ജനറൽ സർജറി യൂണിറ്റ് നാലിലായിരുന്നു ചികിത്സ തേടിയത്. പലതവണ ഒപിയിൽ എത്തി ചികിത്സ തേടി. ഡോക്ടർമാരുടെ നിർദേശപ്രകാരം സ്കാനിംഗ്, മാമോഗ്രാം, കോശങ്ങളുടെ ബയോപ്സി എന്നിവ നടത്തി.
ഈ ബയോപ്സി പരിശോധനയ്ക്കു ഡയനോവ എന്ന സ്വകാര്യ ലാബിലും മെഡിക്കൽ കോളജ് പതോളജി ലാബിലും നൽകി. ഒരാഴ്ചയ്ക്കു ശേഷം സ്വകാര്യ ലാബിലെ റിപ്പോർട്ട് കിട്ടി. ഇതുപ്രകാരം വീട്ടമ്മയുടെ മാറിടത്തിൽ കാൻസർ ബാധിച്ചെന്നും മൂന്നാം ഘട്ടത്തിലാണ് ഈ രോഗമെന്നും അതിനാൽ എത്രയും വേഗം കീമോതെറാപ്പി ആരംഭിക്കണമെന്നും ജനറൽ സർജറി വിഭാഗം ഓങ്കോളജി (കാൻസർ) വിഭാഗത്തോടാവശ്യപ്പെട്ടു.
അതിന്റെ അടിസ്ഥാനത്തിൽ ഓങ്കോളജി വിഭാഗത്തിന്റെ സംയുക്ത തീരുമാനത്തിൽ കീമോതെറാപ്പി ചികിത്സ നൽകാൻ തീരുമാനിച്ചു. തുടർന്നു രണ്ടാഴ്ച കീമോ തെറാപ്പി നടത്തി. ഇതിനിടെ മെഡിക്കൽ കോളജ് പതോളജി ലാബിൽ കൊടുത്തിരുന്ന ബയോപ്സിയുടെ ഫലം വന്നു. രജനിക്ക് അർബുദമില്ലെന്നായിരുന്നു പരിശോധനാഫലം. ഈ ഫലം കിട്ടിയ ഉടൻ ഡോക്ടർമാർ കീമോ ചികിത്സ നിർത്തിവച്ചു വീട്ടമ്മയെ വീണ്ടും ജനറൽ സർജറിയിലേക്ക് അയച്ചു.
ഇതോടെ ജനറൽ സർജറി വിഭാഗം ശസ്ത്രക്രിയയിലൂടെ മാറിടത്തിലെ മുഴ നീക്കംചെയ്തു. പിന്നീട് വീട്ടമ്മയെ ഡിസ്ചാർജ് ചെയ്തു. സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിൽ പരിശോധിച്ചെങ്കിലും അർബുദം കണ്ടെത്താനായില്ല. പിന്നീട് സാംപിളുകൾ തിരുവനന്തപുരം ആർസിസിയിൽ എത്തിച്ചും പരിശോധന നടത്തിയപ്പോഴും അർബുദമില്ലെന്നു കണ്ടെത്തി.
ഇതോടെ വീട്ടമ്മ മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി. കമ്മീഷൻ തെളിവെടുപ്പ് നടത്തിയെങ്കിലും തുടർ നടപടി സ്വീകരിച്ചില്ലെന്നു വീട്ടമ്മ പറയുന്നു. ഇതോടെയാണ് ആരോഗ്യമന്ത്രിക്കു പരാതി നൽകിയത്. അതേസമയം, ഒരു വ്യക്തിക്ക് അർബുദമാണോയെന്നു സ്ഥിരീകരിക്കാനുള്ള എല്ലാ പരിശോധനകളും പുറത്തെ ലാബിൽ നടത്തിയെന്നും ഇവയിലെല്ലാം യുവതി കാൻസർ ബാധിതയാണെന്നും രോഗത്തിന്റെ മൂന്നാമത്തെ ഘട്ടമാണെന്നും കണ്ടെത്തിയതിനാലാണ് കീമോ ചികിത്സ നടത്തിയതെന്നും മെഡിക്കൽ കോളജ് അധികൃതർ പറയുന്നു.
പിന്നീട് മെഡിക്കൽ കോളജ് പതോളജി വിഭാഗത്തിൽനിന്ന് അർബുദമില്ലെന്നുള്ള റിപ്പോർട്ട് ലഭിച്ചയുടൻ വീട്ടമ്മയ്ക്കു നൽകിയിരുന്ന മുഴുവൻ അർബുദ ചികിത്സയും നിർത്തിവച്ചെന്നും അധികൃതർ പറയുന്നു.