കോട്ടയം: കാൻസർ ഇല്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ കോട്ടയം ശാഖ രംഗത്തു വന്നു. സ്തനാർബുദം സ്ഥിരീകരിക്കുന്ന സാധാരണ രീതി തന്നെയാണ് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ സ്വീകരിച്ചതെന്നും അതല്ലാതെ ഡോക്ടർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും അസോസിയേഷൻ പ്രസിഡന്റ് ഡോ സാം ക്രിസ്റ്റി മാമ്മൻ പ്രസ്താവനയിൽ അറിയിച്ചു.കാൻസർ ഇല്ലാത്ത രോഗിക്ക് കീമോ കൊടുത്തത് വലിയ ചർച്ചയായ സാഹചര്യത്തിലാണ് എന്താണ് ശരിക്കും സംഭവിച്ചതെന്ന് സംഘടന വിശദീകരിക്കുന്നത്.
പ്രസ്താവനയിൽ പറയുന്നതിങ്ങനെ: കാൻസറിന്റെ ലക്ഷണങ്ങളോടെ വന്ന രോഗിയെ ഉടനടി അഡ്മിറ്റ് ചെയ്തു. യൂണിറ്റിലെ വിദഗ്ധരുടെ കൂട്ടായ ക്ലിനിക്കൽ പരിശോധനയിൽ കാൻസറിന്റെ എല്ലാ സ്വഭാവവുമുള്ള മുഴയാണെന്ന നിഗമനത്തിലെത്തി. മാമ്മോഗ്രാഫി ടെസ്റ്റിൽ കാൻസർ തന്നെയെന്ന് കണ്ടു.
ഇതിനു പുറമെ ബയോപ്സി ടെസ്റ്റിലും ഒരു ഭാഗത്തു കാൻസർ ഉള്ളതായി കണ്ടെത്തി. മേൽപറഞ്ഞ മൂന്നു പരിശോധനകളിലൂടെയാണ് (ട്രിപ്പിൾ അസൈസ്മെന്റ്) സ്തനാർബുദം ശാസ്ത്രീയമായി ലോകമെന്പാടും സ്ഥിരീകരിക്കുന്നത്. ഇതിലെവിടെയാണ് ഡോക്ടർക്കു പിഴവ് പറ്റിയതെന്ന് സംഘടന ചോദിക്കുന്നു.
പ്രൈവറ്റ് ലാബ് ആണല്ലോ പ്രശ്നം. എന്നാൽ റിപ്പോർട്ട് ചെയ്തത് കോട്ടയം മെഡിക്കൽ കോളജിൽ ദീർഘകാലം പത്തോളജി പ്രഫസറായിരുന്ന വിദഗ്ധനും. അപൂർവമായി പത്തോളജി റിപ്പോർട്ടിംഗിൽ തെറ്റ് പറ്റാമെന്നത് ഏതു പതോളോജിസ്റ്റിനും അറിയാവുന്നതാണ്. ഈ ഡോക്ടറുടെ റിപ്പോർട്ട് ഇതിനു മുന്പ് തെറ്റിയതായി ഒരനുഭവവുമില്ല. പിന്നെയോ രണ്ടാമതൊരു ബയോപ്സി കൂടി ചെയ്തിരുന്നത് കൊണ്ട് രണ്ടാമത്തെ കീമോ ഒഴിവാക്കാനായി എന്നു മാത്രം ആശ്വസിക്കാം.
പത്തോളജി റിപ്പോർട്ട് വൈകുന്ന സാഹചര്യത്തിലും മാമ്മോഗ്രാഫി പ്രവർത്തിക്കാതിരിക്കുന്നത് മൂലവും ഉണ്ടായിട്ടുള്ള സാഹചര്യം എത്രയും വേഗം പരിഹരിക്കാൻ വേണ്ട നടപടി ഉടനുണ്ടാവുമെന്നു പ്രത്യാശിക്കാമെന്നും പ്രസ്താവന പറയുന്നു. ഇതു മൂലം രോഗിക്കു ബുദ്ധിമുട്ടുകൾ ഉണ്ടായ സാഹചര്യത്തിൽ എല്ലാ ഡോക്ടർമാരും അവരുടെ സങ്കടത്തിൽ പങ്കു ചേരുകയും തുടർന്നുള്ള എല്ലാ ചികിത്സകളും സന്തോഷത്തോടെ നൽകുമെന്നും ഉറപ്പു തരുന്നു.
ഈ സാഹചര്യത്തിൽ തെറ്റായ ചിന്തകളിൽ നിന്നും ദുഷ്പ്രചാരണങ്ങളിൽ നിന്നും ഒഴിവായി ഒത്തൊരുമയോടെ സഹകരിച്ചു കോട്ടയം മെഡിക്കൽ കോളജ് എന്ന മികവിന്റെ പര്യായമായ സ്ഥാപനത്തെയും അവിടത്തെ ഡോക്ടർമാരെയും കൂടുതൽ കരുത്താർജിക്കുന്നതിലേക്ക് സഹായിക്കണമെന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ കോട്ടയം ശാഖയ്ക്കു വേണ്ടി, പ്രസിഡന്റ് ഡോ സാം ക്രിസ്റ്റി മാമ്മൻ അഭ്യർഥിച്ചു.