ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെ അകാരണമായി പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് ഇന്ന് ഡോക്ടർമാർ കരിദിനം ആചരിക്കുകയാണ്. ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ)യുടെ ആഹ്വാനമനുസരിച്ചാണ് കരിദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി മെഡിക്കൽകോളജിലെ ഡോക്ടർമാർ ഇന്ന് കറുത്ത ബാഡ്ജ് ധരിച്ചാണ് ഡ്യൂട്ടിക്കെത്തിയത്.
കോട്ടയം മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗത്തിൽ സ്വകാര്യ ലാബിൽ നിന്നും ലഭിച്ച തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചികിത്സ നല്‍കിയെന്നാരോപിച്ച് വീട്ടമ്മ പോലീസിൽ പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്ന് ചികിത്സിച്ച ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
ഇതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നത്. ഉച്ചയ്ക്ക് 12ന് വിദ്യാർഥികൾ പിന്തുണ അറിയിച്ചു കൊണ്ട് പ്രതിഷേധ പ്രകടനം നടത്തുമെന്നും ഐഎംഎ കോട്ടയം യൂണിറ്റ് പ്രസിഡന്റ് ഡോ. ആർ.പി. രഞ്ചിൻ അറിയിച്ചു.