തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവിന്റെ കുത്തേറ്റ ഭാര്യാപിതാവിന്റെ അവസ്ഥ ഗുരുതരമായി തുടരുന്നു. മേലത്തുമേലെ ഹൗസ് നമ്പര്‍ 41 കൃഷ്ണ ഭവനില്‍ സി. കൃഷ്ണന് നായര്‍ (72) ആണ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
കഴിഞ്ഞദിവസമായിരുന്നു മരുമകന് ശ്രീകുമാര്‍ ഭാര്യ രജനി കൃഷ്ണയെ കൊലപ്പെടുത്തുകയും ഇവരുടെ മാതാപിതാക്കളെ ക്രൂരമായി ആക്രമിക്കുകയും ചെയ്തത്. മകളെ ആക്രമിക്കുന്നതു തടഞ്ഞതോടെയാണ് ഇവര്‍ക്കു കുത്തേറ്റത്. ആന്തരികാവയവങ്ങള്‍ക്ക് കാര്യമായി ക്ഷതമേറ്റ കൃഷ്ണന് നായര്‍ ഇനിയും ബോധം വീണ്ടെടുത്തിട്ടില്ല.
കരളിന് മാരകമായി കുത്തേറ്റതിനാല്‍ ബുധനാഴ്ച ഇദ്ദേഹത്തിന് അടിയന്തരമായി ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. ഇദ്ദേഹത്തിന്റെ ശ്വാസകോശത്തിലും മുറിവേറ്റിരുന്നു. എന്നാല്‍ ഈ ഭാഗത്തെ ശസ്ത്രക്രിയ ഇതുവരെ നടത്താന്‍ സാധിച്ചിട്ടില്ല. രക്തസമ്മര്‍ദവും പ്രമേഹവും ബാധിച്ച ഇദ്ദേഹം പൊതുവെ അവശനിലയിലായിരുന്നു.
കൃഷ്ണന് നായരുടെ ഭാര്യ രമാദേവിക്ക് നാല് കുത്തുകളാണ് ഏറ്റത്. കൈയില്‍ രണ്ടു കുത്തും മുഖത്ത് ഒന്നും കഴുത്തിന്റെ ഭാഗത്തും വയറിന്റെ ഭാഗത്തും കുത്തേറ്റു. ഇതില്‍ കൈയിലേറ്റ കുത്താണ് ഗുരുതരമായത്. കുത്തേറ്റതോടെ ഈ ഭാഗത്തെ എല്ലുകള്‍ പൊട്ടിപ്പോയി.
ഇവര്‍ക്കും അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. രമാദേവി ഓര്‍ത്തോ ഐസിയുവില്‍ ചികിത്സയിലുണ്ട്. കൃഷ്ണന് നായര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. അതേസമയം നിലയില്‍ വളരെച്ചെറിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.