കട്ടപ്പന: രജനിക്കിതു രണ്ടാം ജന്മം. കുവൈത്തിൽ വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന ഇവർക്കു തുണയായതു ശശി തരൂർ എംപിയുടെ ഇടപെടലും. വീട്ടുതടങ്കലിലാക്കപ്പെട്ട വീട്ടമ്മയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിൽ കട്ടപ്പന നഗരസഭാ കൗണ്‍സിലർ ഗിരീഷ് മാലിയിലിനെപ്പോലെയുള്ള നിരവധി പേർ പങ്കാളികളായി.
ടേക്ക് ഓഫ് എന്ന സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഇവരുടെ രക്ഷപ്പെടൽ. ജീവിതം കരുപ്പിടിപ്പിക്കാൻ കുവൈറ്റിലെത്തിയ കട്ടപ്പന അന്പലക്കവല സ്വദേശിനി രജനി തങ്കച്ചനെ കാത്തിരുന്നത് പിന്നീടൊരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ദുരിതങ്ങളായിരുന്നു. കഴിഞ്ഞ ജനുവരി 12നാണ് രജനി കുവൈറ്റിലെത്തിയത്. സൂപ്പർ മാർക്കറ്റിൽ 40,000 രൂപ പ്രതിമാസ വേതനത്തിൽ ബിസിനസ് എക്സിക്യൂട്ടീവായാണു ജോലി ലഭിച്ചത്.
ഒരു മാസം ഇവിടെ ജോലി ചെയ്തെങ്കിലും 23,000 രൂപ മാത്രമേ നാട്ടിലുള്ള മകളുടെ അക്കൗണ്ടിലേക്ക് എത്തിയുള്ളൂ. ഫെബ്രുവരി ആദ്യ ആഴ്ചയോടെ രജനിയെ സൂപ്പർ മാർക്കറ്റിന്റെ ഉടമയായ അറബിയുടെ അബു ഫത്തിരയിലെ ബംഗ്ലാവിൽ വീട്ടുജോലിക്കായി മാറ്റി. പിന്നീടുള്ള ജീവിതം ദുരിതപൂർണമായിരുന്നു. യഥാസമയം ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ല. ഇതിനിടെ, അറബിയുടെ ബന്ധുവിന്റെ സൗദിയിലെ വീട്ടിലും രജനിയെ വീട്ടുജോലിക്കായി കൊണ്ടുപോയി. നാലുനില വീട്ടിലെ മുഴുവൻ ജോലികളും ചെയ്യേണ്ടിവന്നു.
ഭക്ഷണം പോലുമില്ലാതെ ജോലി ചെയ്തു മടുത്തതോടെ വീണ്ടും അബു ഫത്തിരയിലേക്കു തിരികെപ്പോന്നു. ജോലി ചെയ്യുന്പോൾ രജനി നാട്ടിലേക്കു ബന്ധപ്പെടാതിരിക്കാൻ വീട്ടുകാർ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. വിശന്നു വലയുന്പോൾ ഭക്ഷണമെടുത്താൽ പോലും വീട്ടുടമയുടെ ശകാരവും കേൾക്കേണ്ടി വന്നു. ഫോണ്‍ ഉപയോഗിക്കാൻ പോലും അനുവദിച്ചിരുന്നില്ല. ഒരിക്കൽ ഫോണ്‍ റീചാർജ് ചെയ്തുതരാൻ ആവശ്യപ്പെട്ടപ്പോൾ വഴക്കുപറഞ്ഞു ഫോണ്‍ വാങ്ങിവച്ചു.
ആഴ്ചകൾക്കു മുന്‍പു വീട്ടുകാർ പുറത്തുപോയ സമയത്തു രജനി വീട്ടിലെ വൈ-ഫൈ ഓണ്‍ ചെയ്തു ഫേസ്ബുക്ക് മെസഞ്ചറിലൂടെ നഗരസഭ കൗണ്‍സിലർ ഗിരീഷ് മാലിയിലിനെ മുഴുവൻ കാര്യങ്ങളും ധരിപ്പിച്ചു. രജനിയുടെ സ്ഥലത്തിന്റെ ലൊക്കേഷനും കൈമാറി. തുടർന്ന് ഗിരീഷ് മാലിയിൽ, ശശി തരൂർ എംപിക്ക് മാർച്ച് 23ന് ഇ-മെയിലിലൂടെ മുഴുവൻ വിവരങ്ങളും കൈമാറി. ഗിരീഷിന്റെ ഭാര്യയും ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ മലയാളവിഭാഗം മേധാവിയുമായ ബെറ്റിമോൾ മാത്യുവിന്റെ ഇടപെടലും നിർണായകമായി.
വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ ശശി തരൂർ പങ്കെടുക്കുന്പോഴാണ് ഓഫീസിൽ വിവരങ്ങൾ ലഭിച്ചത്. ഉടൻതന്നെ ശശി തരൂർ എംബസിയുമായി ബന്ധപ്പെട്ടു. എംപിയുടെ ഓഫീസിൽനിന്നു രജനിയെ നേരിട്ടു ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. തുടർന്ന് എംബസി അധികൃതരും കെഎംസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് ഷറഫുദീൻ കണ്ണേത്ത്, ഒഐസിസി ഭാരവാഹി ഷാനു തലശേരി എന്നിവർ രജനി താമസിക്കുന്ന സ്ഥലത്തെത്തി ഇവരെ ഫോണിൽ ബന്ധപ്പെട്ടു.
തന്ത്രത്തിൽ വീടിനു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഈസമയം വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നു. അബദ്ധത്തിൽ ബാഗ് വീടിനു പുറത്തേയ്ക്കു വീണുപോയന്നും എടുത്തുകൊണ്ടുവരാമെന്നും പറഞ്ഞു പുറത്തിറങ്ങിയ രജനിയെ രക്ഷപ്പെടുത്തി ഇവർ സുരക്ഷിതമായി ഇന്ത്യൻ എംബസിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് എംപിയുടെ ഇടപെടലിൽതന്നെ ഒൗട്ട്പാസും ടിക്കറ്റും ലഭ്യമാക്കി രണ്ടാഴ്ച മുന്‍പ് രജനിയെ നാട്ടിലെത്തിച്ചു. രജനി ഉൾപ്പെടെ 20 അംഗ സംഘമാണ് കുവൈറ്റിൽ എത്തിയത്. എന്നാൽ, മറ്റുള്ളവർ എവിടെയാണെന്നോ ജോലി സുരക്ഷിതമാണോ എന്നതു സംബന്ധിച്ചു വിവരങ്ങളൊന്നുമില്ല.
അജിൻ അപ്പുക്കുട്ടൻ