ചെന്നൈ: തകർപ്പൻ സിനിമാ ഡയലോഗുകൾ പോലെ ആകെ കൈയടി വാങ്ങി ആളെക്കൂട്ടാൻ പോന്നതായിരുന്നു ചെന്നൈയിൽ രാഷ്ട്രീയ പ്രഖ്യാപനം അറിയിച്ചുകൊണ്ട് സ്റ്റൈൽമന്നൻ രജനീകാന്ത് നടത്തിയ പ്രസംഗം. മൊത്തത്തിൽ പഞ്ച് ഡയലോഗുകളുടെ ബഹളമയം. തമിഴ്നാട് രാഷ്ട്രീയ ജീർണിച്ച അവസ്ഥയിലാണെന്നും ഈ സാന്പ്രദായിക സംവിധാനങ്ങളെ മാറ്റിമറിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും രജനീകാന്ത് തുറന്നടിച്ചു.
രജനീകാന്തിന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്…
# ഞാൻ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നു. ഞാൻ യുദ്ധത്തിനു തയാറാണ്. ഞാൻ തീർച്ചയായും രാഷ്ട്രീയത്തിലേക്കു ചുവടുവയ്പു നടത്തും. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഞാൻ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കും.
# പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അത് എനിക്കു ആവശ്യത്തിൽ അധികമുണ്ട്. ഇവിടുത്തെ രാഷ്ട്രീയം ജീർണാവസ്ഥയിലാണ്. ജനാധിപത്യം നശിച്ചു. കഴിഞ്ഞ വർഷം ഇവിടെ സംഭവിച്ച രാഷ്ട്രീയ സംഭവ വികാസങ്ങൾ തമിഴ്നാടിന്റെ പേര് നശിപ്പിച്ചു.
# രാഷ്ട്രീയം ഇന്ന് കറ പുരണ്ടിരിക്കുന്നു. തമിഴ്നാട് രാഷ്ട്രീയത്തിന്റെ അവസ്ഥയിൽ നമ്മൾ തല കുന്പിടേണ്ട അവസ്ഥയിലാണ്. ഇത് ഏറെ കടുപ്പമാണെന്ന് എനിക്കറിയാം. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്പോൾ ജനങ്ങളുടെയും ദൈവത്തിന്റെയും അനുഗ്രഹം ഒപ്പമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.
# ഇപ്പോൾ ഞാൻ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ പിന്നീടൊരിക്കലും എനിക്കതിനു കഴിയില്ല. എനിക്ക് പിന്നീട് കുറ്റബോധം തോന്നും. സാന്പ്രദായിയ രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജാതിയും മതവും അകറ്റിനിർത്തുന്ന രാഷ്ട്രീയമാണ് ഞാൻ ആഗ്രഹിക്കുന്നത്. നമുക്ക് ആത്മീയ രാഷ്ട്രീയമാണ് ആവശ്യം.
# അധികാരം കൈയാളുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇത് മാറ്റത്തിന്റെ സമയം. എനിക്ക് പടയാളികളെ വേണ്ട. സ്വന്തം നേട്ടത്തിനായല്ലാതെ തെറ്റുകളോട് പോരടിക്കുന്ന രക്ഷകരെയാണ് എനിക്ക് ആവശ്യം. ഇതിനു മേൽനോട്ടം വഹിക്കുന്ന ഒരാൾ മാത്രമായിരിക്കും ഞാൻ.
# എല്ലാ ആരാധക സംഘങ്ങളുമായി ചേർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. തമിഴ്നാടിന്റെ എല്ലാ കോണിലും നമ്മുടെ സാന്നിധ്യമുണ്ടാകണം.
# അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് ഞാൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. അതുവരെ രാഷ്ട്രീയം സംസാരിക്കരുതെന്നാണ് എനിക്ക് ആരാധകരോട് ആവശ്യപ്പെടാനുള്ളത്. ഇതിനു പകരം എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും രോഗാതുരമായ അവസ്ഥയെ കുറിച്ച് സംസാരിക്കുകയും വേണം.
# ഞാൻ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല പക്ഷേ, മാധ്യമങ്ങളെ പേടിക്കുന്നു. പല വന്പൻമാരും മാധ്യമങ്ങളെ ഭയക്കുന്നു.