ജനുവരിയിൽ തിയറ്ററിലെത്തുമെന്ന് കരുതിയിരുന്ന രജനി കാന്ത് ചിത്രം 2.0വിന്റെ റിലീസ് മാറ്റിയിരുന്നു. പിന്നീട് ഇതുവരെ ചിത്രത്തിന്റെ റിലീസിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നില്ലായിരുന്നു. എന്നാൽ ഇതാ ഒരു സന്തോഷ വാർത്ത. പക്ഷേ സംഭവം അനൗദ്യോഗികമാണെന്നു മാത്രം. യന്തിരന്റെ രണ്ടാം ഭാഗമായ 2.0 ഏപ്രിലിലെത്തുമെന്നാണ് കേൾക്കുന്നത്. റിലീസിംഗിന് എന്തോ കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്നു കരുതിയിരുന്ന പ്രേക്ഷകർക്കിടയിലേക്ക് ഒരു ട്വീറ്റ് വഴിയാണ് പുതിയ വാർത്ത എത്തിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് ചിത്രം ഏപ്രിൽ 27ന് എത്തുമെന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരിക്കും 2.0യുടേത്. ലോകവ്യാപകമായി 10,000 സ്ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ ചിത്രം ആദ്യദിനം തന്നെ പ്രദര്‍ശനത്തിനെത്തും. 450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. രജനീകാന്തിന്റെ വില്ലനായി എത്തുന്നത് അക്ഷയ്കുമാറാണ്. എമി ജാക്സനാണ് ചിത്രത്തിലെ നായിക. നീരവ് ഷാ ഛായാഗ്രഹണവും എആര്‍ റഹ്മാന് സംഗീതവും നിര്‍വഹിക്കുന്നു.