ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാകാൻ ആഗ്രഹമില്ലെന്ന് തമിഴ് സൂപ്പർ താരം രജനികാന്ത്.
വ്യാഴാഴ്ച രാവിലെ ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ മക്കൾ മൻട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമായിരുന്നു രജനിയുടെ പ്രസ്താവന.
തമിഴ് രാഷ്ട്രീയത്തിലെ മാറ്റമാണു തന്റെ ലക്ഷ്യം. പാർട്ടിക്കു കീഴിൽ പ്രവർത്തിക്കാൻ യുവാക്കൾക്കും മറ്റുള്ളവർക്കും അവസരമൊരുക്കും. പാർട്ടിയിൽ നേതാക്കൾ കുറവായിരിക്കും.
മറ്റു പാർട്ടികളിൽ പുതുമുഖങ്ങൾക്കു നേതൃത്വത്തിൽ അവസരങ്ങൾ ലഭിക്കുന്നില്ല. തന്റെ പാർട്ടിയിൽ നേതാക്കൾക്ക് വിദ്യാഭ്യാസ യോഗ്യതയും പ്രയപരിധിയും ഏർപ്പെടുത്തുമെന്നും രജനികാന്ത് പറഞ്ഞു.
തമിഴ്നാട് രാഷ്ട്രീയത്തിൽ രണ്ട് അതികായരാണുണ്ടായിരുന്നത്. ഇരുവരും മണ്മറഞ്ഞു. ഇപ്പോൾ അവിടെ വിടവ് ദൃശ്യമാണ്. മാറ്റത്തിനായി ഒരു പുതിയ മുന്നേറ്റം അനിവാര്യമാണെന്നും സ്റ്റൈൽ മന്നൻ പറഞ്ഞു.
തനിക്ക് സർക്കാരിന്റെ തലപ്പത്തേക്കു വരാനോ നിയമസഭയിൽ ഇരിക്കാനോ താത്പര്യമില്ല. മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ല.
പാർട്ടി തലപ്പത്തിരിക്കാനാണു തനിക്ക് ആഗ്രഹം. ഒരു ശക്തനായ രാഷ്ട്രീയ നേതാവ് സംസ്ഥാനത്തിന്റെയും തലവനായിരിക്കും. വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യേഗസ്ഥരോടു രാഷ്ട്രീയത്തിൽ ഇറങ്ങാനും രജനി ആഹ്വാനം ചെയ്തു.
2017 ഡിസംബർ 31നാണു രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസര രംഗത്തുണ്ടാകുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.
പാർട്ടി പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട വ്യക്തമായ പദ്ധതി യോഗത്തിൽ കൈക്കൊണ്ടതായാണ് സൂചന.