ജോസി ജോസഫ്
വരാം, ഉടനെ വരാം, വരാതിരിക്കില്ല തുടങ്ങിയ സൂചനകൾ ഇടയ്ക്കിടെ നൽകി വർഷങ്ങളായി കൊതിപ്പിക്കുന്ന ആളെ എന്തുപേരിട്ട് വിളിക്കാം?. തമിഴകത്താണെങ്കിൽ രജനികാന്ത് എന്ന പേരു നൽകാനാകും അവിടത്തുകാർക്കിഷ്ടം. കാരണം തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഇത്രമാത്രം അഭ്യൂഹങ്ങളും അവ്യക്തതകളും സൃഷ്ടിച്ച് നിരവധി തവണ വാർത്തകളിൽ നിറഞ്ഞ മറ്റാരും അന്നാട്ടിലില്ല എന്നതുതന്നെ.
രജനിയെ കൊതിക്കാത്ത ഒരുരാഷ്ട്രീയ പാർട്ടിയും ഇല്ല. വാക്കാലും പ്രവൃത്തിയാലും ഓരോ പാർട്ടിയുടേയും സ്വന്തം ആൾ എന്ന് തോന്നിപ്പിക്കുന്ന പോലെ അദ്ദേഹം പലപ്പോഴും സൂചനകൾ നൽകിയിട്ടുമുണ്ട്. പക്ഷെ നിരാശയായിരുന്നു ഫലം. എന്നാൽ ഉടൻ തന്നെ താൻ രാഷ്ട്രീയത്തിലെത്തും എന്ന സൂചന അടുത്തയിടെ വീണ്ടും അദ്ദേഹം നൽകിയതോടെ കാത്തിരിപ്പിന് ഉടൻ വിരാമമാകുമെന്ന് കരുതി കാത്തിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. അദ്ദേഹത്തെ തങ്ങളുടെ കൂടെ ചേർക്കാൻ ശക്തമായ നീക്കങ്ങളും ഓരോ പാർട്ടിയും തുടങ്ങിയും കഴിഞ്ഞു.
ഇരുപതു വർഷം മുന്പ് 1996 ൽ തമിഴ്നാട്ടിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രജനിക്ക് ഒരു കോൺഗ്രസ് മോഹമുണ്ടായി പോലും. അദ്ദേഹം അന്നത്തെ പ്രധനമന്ത്രി നരസിംഹറാവുവിനെ ഇക്കാര്യത്തിനായി രണ്ടുതവണ സന്ദർശിച്ചിരുന്നു. തമിഴ്നാട്ടിൽ കോൺഗ്രസ് തനിയെ മത്സരിച്ചാൽ താൻ പ്രചാരണത്തിനിറങ്ങാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ നരസിംഹറാവുവിന് താത്പര്യമില്ലായിരുന്നുപോലും. അങ്ങനെ അന്നത്തെ ആഗ്രഹം നടന്നില്ല. ആ ഇലക്ഷനിൽ അദ്ദേഹം ഒരു പ്രസ്താവന നടത്തി. ജയലളിത വീണ്ടും അധികാരത്തിൽ തിരിച്ചുവന്നാൽ ദൈവത്തിനുപോലും തമിഴ്നാടിനെ രക്ഷിക്കാനാകില്ല എന്നതായിരുന്നു അത്. ഇത് വൻ വിവാദമാകുകയും അന്നത്തെ ഇലക്ഷനിൽ ഡിഎംകെ- ഡികെ മൂപ്പനാരുടെ തമിഴ്മാനില കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയുംചെയ്തു.
2002ൽ കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയിലെ നദികളെ കൂട്ടിയോജിപ്പിച്ച് ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതിക്ക് ഒരുകോടിരൂപ അദ്ദേഹം വാഗ്ദാനവം നടത്തി. അദ്ദേഹത്തിന്റെ ഈ നീക്കം രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിന്റെ മുന്നോടിയായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ അതുണ്ടായില്ല.
2004 ൽ ബിജെപി എഡിഎംകെ സഖ്യത്തിനാണ് തന്റെ വോട്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് രണ്ടു പാർട്ടികൾക്കും പ്രതീക്ഷ പകർന്ന ഒന്നായിരുന്നു. (1996ൽ ജയലളിതയെ തള്ളിപ്പറഞ്ഞതിന് പരിഹാരമായും വിലയിരുത്തപ്പെട്ടു ഈ നീക്കം.) കുടിവെള്ളത്തിനായുള്ള അദ്ദേഹത്തിന്റെ ജനകീയ മുന്നേറ്റ പദ്ധതിക്ക് ബിജെപി പിന്തുണപ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് തന്റെ തീരുമാനം എന്ന് അദ്ദേഹം വിശദീകരിക്കുകയുംചെയ്തു.
പിന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ച സജീവമാകുന്നത് 2008ൽ ആണ്. അന്ന് ഇതു സംബന്ധിച്ച ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയാണ് വാർത്തയായത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. “”കഴിവും കഠിനാധ്വാനവും പരിചയസന്പത്തുമുണ്ടെങ്കിൽ രാഷ്ട്രീയത്തിൽ വിജയിക്കാമെന്നു കരുതുന്നത് വിഡ്ഡിത്തമാണ്. സമയവും സാഹചര്യവുമാണ് നിർണായകം. സമയം ശരിയല്ലെങ്കിൽ മറ്റൊന്നിനും സഹായിക്കാനാകില്ല.” സമയം ആയിട്ടില്ലെന്നും അതിനുള്ള സമയത്ത് എന്തായാലും അദ്ദേഹം രാഷ്ട്രീയ ത്തിലെത്തുമെന്ന സൂചന നൽകുന്നതുമായി ഇത് വിലയിരുത്തപ്പെട്ടു.
തുടർന്ന് 2014ൽ ആണ് വിഷയം മുന്പെങ്ങും ഇല്ലാത്തപോലെ വാർത്തകളിൽ നിറയുന്നത്. അന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന മോദി രജനികാന്തിനെ ചെന്നൈയിൽ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം രജനി മോദിക്ക് വിജയാസംസകൾ നേരുകയുംചെയ്തു. ഇത് വൻ വാർത്തയാകുകയും ബിജെപിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിന്റെ ഭാഗമാണെന്നുമാണ് പ്രചരിച്ചത്.
തമിഴ്നാട്ടിലെ ആർകെ നഗർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥി ഗംഗൈ അമരന് രജനിയുടെ പിന്തുണയുണ്ടെന്നാണ് വിശ്വസനീയമായി പ്രചരിക്കപ്പെട്ടു. എന്നാൽ താൻ ആരേയും പിന്തുണയ്ക്കുന്നില്ലെന്ന് പിന്നീട് അദ്ദേഹം അറിയിക്കുകയായിരുന്നു.
അദ്ദേഹത്തന്റെ മെഗാഹിറ്റ് ലിംഗയുടെ ഓഡിയോറിലീസിംഗ് ചടങ്ങിൽ രാഷ്ട്രീയക്കാരനാകാനുള്ള തന്റെ താത്പര്യം രജനി വീണ്ടും പ്രഖ്യാപിച്ച് വാർത്തയിൽ ഇടംപിടിച്ചു. സാഹചര്യങ്ങളുടെ ഉത്പന്നമാണ് ഞാൻ.അങ്ങനെ ഒന്നുണ്ടായാൽ ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചേക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കഴിഞ്ഞ ഫെബ്രുവരിയിൽ തനിക്ക് അധികാരം ഇഷ്ടമാണെന്ന് സ്റ്റൈൽ മന്നൻ ഒരു ചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു. ഇത് വാർത്തകളിൽ നിറയുകയും അദ്ദേഹം ഉടൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് വീണ്ടും ശക്തമായി പ്രചരിക്കുകയും ചെയ്തു. എന്നാൽ താൻ ആത്മീയ അധികാരമാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പിന്നീട് തിരുത്തി.
അടുത്തുതന്നെ വീണ്ടും തന്റെ രാഷ്ടീയം വെളിപ്പെടുത്തി അദ്ദേഹം രംഗത്തെത്തി . കഴിഞ്ഞ പതിനഞ്ചിനായിരുന്നു അത്. തന്റെ ആരാധകർക്കായി കോടന്പാക്കം രാഘവേന്ദ്ര കല്യാണമണ്ഡപത്തിലൊരുക്കിയ വിരുന്നിനിടെയായിരുന്നു രാഷ്ട്രീയ ചർച്ച. ഇനി അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകൾ. “”എന്റെ ജീവിതം ദൈവത്തിന്റെ കൈകളിലാണ്. ഭാവിയിൽ എന്താണ് ദൈവം എനിക്കുവേണ്ടി കരുതിവച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂട. അതുകൊണ്ട് ഞാൻ രാഷ്ട്രീയ ത്തിൽ പ്രവേശിച്ചില്ലെങ്കിൽ ആരും നിരാശപ്പെടരുത്. പക്ഷെ പ്രവേശിച്ചാൽ രാഷ്ട്രീയം പണംവാരാനുള്ള മേഖലയായി കാണുന്ന പണക്കൊതിയന്മാരെ അടുപ്പിക്കില്ല….. ഇങ്ങനെ പോയി വാക്കുകൾ. വരാനും വരാതിരിക്കാനും സാധ്യതയെന്ന് വീണ്ടും.
ആടിക്കളിക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയം സംബന്ധിച്ച് വ്യക്തത വരുത്താൻ ഒരു ആരാധകൻ തുറന്നുതന്നെ ചോദ്യമുന്നയിച്ചു. നിങ്ങൾ എപ്പോഴും കൺഫ്യൂസ്ഡാണെന്നും സ്ഥിരതയില്ലെന്നും മാധ്യമങ്ങൾ പറയുന്നു. എന്താണ് പറയാനുള്ളത് എന്നായിരുന്നു ചോദ്യം.
മറുപടി ഇങ്ങനെ: “”എല്ലാം ഒരു അനുഭവമാണ്. നമ്മൾ അനുഭവത്തിൽനിന്നാണ് പഠിക്കുന്നത്. സംസാരിക്കുന്നതിനു മുന്പ് അതിന്റെ വരും വരായ്കകളെക്കുറിച്ച് ആലോചിക്കണം എന്ന് എനിക്കറിയാം. സത്യമെന്ന് ഞാൻ വിശ്വസിക്കുന്നത് ഞാൻ പറയുന്നു. പക്ഷെ മറ്റുപല കോണുകളിൽനിന്ന് നോക്കുന്പോൾ അത് വിവിധ രീതികളിൽ വായിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഏതായാലും സ്വാർത്ഥ താത്പര്യത്തോടെ ഞാൻ ഒന്നും പ്രവർത്തിക്കുകയോ പറയുകയോ ചെയ്യുന്നില്ല.”
എന്നിട്ടും ചോദ്യങ്ങൾ അവശേഷിക്കുന്നു. രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിക്കുമോ. എങ്കിൽ എപ്പോഴായിരിക്കുമത്. അദ്ദേഹത്തിന്റെ നിലപാട് എന്തായിരിക്കും.? ആർക്കും അതിന് ഉത്തരമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതീക്ഷയോടെ ക്ഷണവുമായി കാത്തിരിക്കുകയാണ്.
വഴിയെ പോകുന്ന ചോട്ടാ നേതാക്കൾക്ക് എന്തുവേണമെങ്കിലും പറയാം , പറയാതിരിക്കാം, വാക്കുനൽകാം, പാലിക്കാതിരിക്കാം. എന്നാൽ, “നാൻ ഒരു തടവൈ സൊന്നാൽ നൂറുതടവൈ സൊന്ന മാതിരി’ എന്ന വാക്കുകൾ ജനഹൃദയങ്ങളിൽ ഉറപ്പിച്ച സൂപ്പർസ്റ്റാറാകുന്പോൾ കഥമാറും. എൻ വഴി തനി വഴി എന്ന് പ്രഖ്യാപിക്കുകയും ആ വഴിയിൽ നടക്കുകയും ചെയ്യുന്ന തങ്ങളുടെ തലൈവൻ സ്വൽപ്പം ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരും എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ.