അറുപത് കഴിഞ്ഞ നായകന്മാർ ഇരുപതും മുപ്പതും വയസുമാത്രം പ്രായമുള്ള നായികമാർക്കൊപ്പം പ്രണയ രംഗങ്ങളിൽ അഭിനയിക്കുന്നതും ആടുന്നതും പാടുന്നതുമെല്ലാം പലപ്പോഴും ചർച്ചയായിട്ടുള്ളതാണ്. മലയാള സിനിമിയിൽ ഇപ്പോൾ താരതമ്യേന ഈ അവസ്ഥ കുറഞ്ഞു വന്നിട്ടുണ്ട്. തന്റെ ആദ്യകാല നായികമാരായ മീനയ്ക്കും പൂർണിമയ്ക്കും മഞ്ജു വാര്യർക്കും ദേവയാനിക്കുമൊക്കെയാണ് മോഹൻലാൽ ഇപ്പോൾ അവസരം നൽകുന്നത്. തമിഴ് സിനിമയിലും ഇപ്പോഴിതാ ചെറുതായി മാറ്റങ്ങൾ വന്നുതുടങ്ങുന്നുണ്ട്. അറുപത്തിയാറുകാരനായ രജനികാന്ത് മുപ്പതുകാരികളായ (2017 വരെ) നായികമാർക്കൊപ്പമാണ് അഭിനയിച്ചുകൊണ്ടിരുന്നത്.
രജനിയുടെ മകൾ ഐശ്വര്യയുടെ പ്രായം 35 ആണ്, സൗന്ദര്യക്ക് 32 ഉം. മക്കളുടെ പ്രായമുള്ള പെണ്‍കുട്ടികൾക്കൊപ്പം ആടുകയും പാടുകയും ചെയ്യുന്നതിന് രജനികാന്ത് ഏറെ വിമർശനങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ രജനിയുടെ കാല എന്ന പുതിയ ചിത്രത്തോടെ ചില മാറ്റം സംഭവിക്കുന്നു. സഹതാരവേഷങ്ങളിലൂടെ ശ്രദ്ധേയയായ തൊണ്ണൂറുകളിലെ നായിക ഈശ്വരി റാവുവാണ് പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലയിൽ രജനികാന്തിന്റെ ഭാര്യയായി എത്തുന്നത്. വാർത്ത കേട്ട് ചിലരെങ്കിലും ഒന്ന് ഞെട്ടിക്കാണും.
43 കാരിയായ ഈശ്വരിയെ നായികയാക്കാൻ രജനി സമ്മതിച്ചോ എന്നാണ് പലരുടെയും ചോദ്യം. രജനിയുടെ ഏറ്റവുമൊടുവിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് റിലീസ് ചെയ്ത കബാലി എന്ന ചിത്രത്തിൽ രാധിക ആപ്തെയാണ് നായികയായി അഭിനയിച്ചത്. 31 കാരിയായ രാധികയെ മേക്കപ്പിലൂടെ രജനിയുടെ അന്‍പതുകാരിയായ ഭാര്യയാക്കി മാറ്റുകയായിരുന്നു. രജനികാന്തിന്റെ നായികയായി അടുത്ത കാലത്ത് അഭിനയിച്ച സൊനാക്ഷി സിൻഹ, അനുഷ്ക ഷെട്ടി, ശ്രീയ ശരണ്‍, ദീപിക പദുക്കോണ്‍, നയൻതാര തുടങ്ങി ഐശ്വര്യ റായ് വരെ താരത്തിന്റെ പാതിയോളം മാത്രം പ്രായമുള്ളവരായിരുന്നു.