ചെന്നൈ: മെർസൽ വിവാദത്തിൽ പ്രതികരിച്ച് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. സിനിമ പ്രാധാന്യമുള്ള വിഷയത്തെയാണ് അഭിസംബോധന ചെയ്യുന്നതെന്നു ട്വിറ്ററിൽ കുറിച്ച രജനീകാന്ത്, മെർസലിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം, നടൻ വിജയ്ക്കെതിരേയും സിനിമയ്ക്കെതിരേയും നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. മാത്രമല്ല, വിവാദം ആളിപ്പടർന്നു ദിവസങ്ങൾക്കുശേഷമാണ് അദ്ദേഹം പ്രതികരിക്കാൻ തയാറാകുന്നതും.
അടുത്ത കാലത്തായി രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപിയോടു കൂട്ടുചേരുമെന്ന സൂചനയാണ് അദ്ദേഹം ഇതുവരെ നൽകിപ്പോന്നതും. എന്നാൽ മെർസൽ വിവാദത്തിൽ ബിജെപി ഉയർത്തുന്ന വാദങ്ങളെ അവഗണിക്കുന്നതാണ് സ്റ്റൈൽമന്നന്റെ ട്വീറ്റ്. രജനീകാന്തിനൊപ്പം രാഷ്ട്രീയ പ്രവേശനം നടത്തുമെന്നു കരുതപ്പെടുന്ന കമൽഹാസനാകട്ടെ സിനിമയ്ക്കു ശക്തമായ പിന്തുണയുമായി തുടക്കത്തിൽത്തന്നെ രംഗത്തെത്തിയിരുന്നു.
മെർസലിൽ താരങ്ങൾ നടത്തുന്ന പരാമർശങ്ങൾക്കെതിരേ ബിജെപി നേതൃത്വം നടത്തിയ പ്രസ്താവനകൾ വിവാദം വലിച്ചുപിടിച്ചിരുന്നു. വിജയ് മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മെർസലിൽ ഹാസ്യനടൻ വടിവേലു നോട്ട് നിരോധനത്തെയും ഡിജിറ്റൽ ഇന്ത്യയെയും വിമർശിക്കുന്നുണ്ട്.
കൊള്ളയടിക്കാനെത്തുന്നവരോടായി നോട്ട് നിരോധനവും ഡിജിറ്റൽ ഇന്ത്യയും കാരണം തന്റെ പക്കൽ ഒരു പൈസപോലും ഇല്ലെന്നു വടിവേലുവിന്റെ കഥാപാത്രം ഹാസ്യരൂപേണ പറയുന്നു. വിജയുടെ മൂന്ന് കഥാപാത്രങ്ങളിൽ ഒന്ന് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരേ ശക്തമായ പ്രസംഗം നടത്തുന്നുണ്ട്. സിംഗപ്പൂരിൽ ഇത്രയും നികുതി ഇല്ലെന്നും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം പറഞ്ഞുവയ്ക്കുന്നു. ഈ രംഗങ്ങൾ വെട്ടിമാറ്റണമെന്നാണു ബിജെപി ആവശ്യപ്പെടുന്നത്.
മെർസലിൽനിന്നു ബിജെപി നീക്കണമെന്ന് ആവശ്യപ്പെടുന്ന രംഗങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായി എന്നുള്ളതാണ് മറ്റൊരു കൗതുകം. സിനിമ വീണ്ടും സെൻസർ ചെയ്തുനീക്കിയാലും കാണേണ്ടവർക്കൊക്കെ ഈ രംഗങ്ങൾ കിട്ടുമെന്നു ചുരുക്കം.