രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നത് ഏറെ നാളായി പരക്കുന്ന കിംവദന്തിയാണ്. സമയമാകുമ്പോള്‍ താന്‍ തന്നെ ഉചിത തീരുമാനമെടുക്കുമെന്ന് തമിഴകത്തിന്റെ സ്റ്റൈല്മന്നന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ആരാധകരുമായുള്ള സംവാദത്തില്‍ രാഷ്ട്രീയപ്രവേശനം വൈകാതെ ഉണ്ടാകുമെന്ന സൂചനയും അദേഹം നല്കി. സ്വന്തം പാര്‍ട്ടി ഉണ്ടാക്കുമോ അതേ ബിജെപിയില്‍ ചേരുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, രജനിയുടെ നീക്കങ്ങള്‍ ഡല്‍ഹിയില്‍ നിന്നുള്ള ഉന്നതന്റെ നിര്‍ദേശപ്രകാരമാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ ആരാധകവൃന്തത്തില് ചോര്ച്ചയുണ്ടാകുമോമെന്ന ഭയം അദേഹത്തിനുണ്ട്. അതിനാല്‍ തന്നെ അടിസ്ഥാന നിലയില്‍ നിന്നായിരിക്കും പൊതുപ്രവര്‍ത്തനം ആരംഭിക്കുക. എന്നാല്‍ ഇതൊരു രാഷ്ട്രീയ പാര്‍ട്ടി ആയിരിക്കുമോ സംഘടന ആയിരിക്കുമോ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും സൂപ്പര്‍ സ്റ്റാറിനോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ബിജെപിയില്‍ ചേരുക എന്നത് അവസാന മാര്‍ഗം മാത്രമായിരിക്കാം. അതുകൊണ്ട് തന്നെ പുതിയ സംഘടന ഉണ്ടാക്കി സാവധാനം അതിനെ ബിജെപിയുമായി സഹകരിപ്പിക്കുകയെന്ന തന്ത്രമാകും രജനിയില്‍ നിന്നുണ്ടാകുക.
രജനികാന്ത് പുതിയ സംഘടന ഉണ്ടാക്കിയാല്‍ അതിനോട് സഹകരിക്കാന്‍ ബിജെപിക്ക് മടിയില്ല. രജനിയിലൂടെ ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് നുഴഞ്ഞുകയറുകയെന്ന നയമാണ് ബിജെപിക്കുള്ളത്. രജനികാന്തിന്റെ ബ്രാന്‍ഡില്‍ ബിജെപിക്ക് തമിഴ്നാട്ടില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നാണ് അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കരുതുന്നത്. ഈ കാര്യത്തില്‍ ഡല്‍ഹിയില്‍ നിന്നും രജനിക്ക് കൃത്യമായ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. തമിഴ്നാട്ടില്‍ ഏറ്റവും അധികം ആരാധകരുള്ള സിനിമാതാരമാണ് രജനികാന്ത്. അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനില്‍ പത്തുലക്ഷത്തിലധികം പേര് ഫാന്‍സ് അസോസിയേഷനുകളില്‍ അംഗങ്ങളായി തന്നെ ഉണ്ട്. മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു നേതൃത്വഅഭാവം രൂപപ്പെട്ടപ്പോള്‍ തന്നെ രജനി രാഷ്ട്രീയ പ്രവേശന തീരുമാനം മനസില്‍ എടുത്തിരുന്നതായും വാര്‍ത്തയുണ്ട്. സിനിമയില്‍ സ്ഥിരം നായകനാണെങ്കിലും രാഷ്ട്രീയ രംഗത്ത് രജനിയുടെ തീരുമാനങ്ങള്‍ക്ക് സ്ഥിരത കുറവാണ്. തുടക്കകാലത്ത് ഡിഎംകെയുടെയും കരുണാനിധിയുടെയും ഉറ്റ തോഴനായിരുന്നു അദേഹം. അക്കാലത്ത് ജയലളിതയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച രജനി പില്ക്കാലത്ത് തലൈവിയുടെ സുഹൃത്തുമായി.