ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി സിനിമാതാരം രജനീകാന്ത്. നിയമം രാജ്യത്തെ ഒരു പൗരനെയും ദോഷകരമായി ബാധിക്കില്ലെന്ന് രജനീകാന്ത് അവകാശപ്പെട്ടു.ചെന്നൈയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
ഭാവിയില്‍ സി.എ.എ ഇന്ത്യന്‍ മുസ്ലിംകള്ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയാല്‍ പ്രതിഷേധത്തിന് ഇറങ്ങുന്ന ആദ്യത്തെയാളായിരിക്കും താനെന്നും താരം കൂട്ടിച്ചേര്‍ത്തു. കുടിയേറ്റക്കാരെ കണ്ടെത്താന്‍ രാജ്യത്തിന് എന്‍ആര്‍സി ആവശ്യമാണ്. എന്നാല്‍ ദേശീയ വ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും നിയമത്തിനെതിരെ തിരിക്കുകയുമാണ്. വിദ്യാര്‍ത്ഥികളെ മത നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും ആയുധമാക്കരുത്. അക്രമവും കലാപവും ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞയാഴ്ച രജിനികാന്തിനെതിരെ ആദായനികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ ടാക്സ് അപ്പീല്‍ പിന്‍വലിച്ചിരുന്നു. മൂന്ന് കേസുകളാണ് ആദായനികുതി വകുപ്പ് പിന്‍വലിച്ചത്. 67 ലക്ഷം രൂപ പിഴയിട്ടിരുന്ന കേസുകളായിരുന്നു ഇത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ തീരുമാന പ്രകാരമായിരുന്നു നടപടി.
2002 മുതലുളള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്. ഒരുകോടി രൂപയില്‍ താഴെയുളള കേസുകളില്‍ നടപടി വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇളവ്.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാണ് രജനികാന്ത്. ഇപ്പോള്‍ തിയറ്ററിലോടുന്ന ദര്‍ബാര്‍ എന്ന സിനിമയ്ക്ക് 90 കോടി രൂപ അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ അനുകൂലിച്ച് സംസാരിക്കുന്നതിന്റെ പ്രത്യുപകാരമാണ് രജനിക്ക് ലഭിച്ച ഇളവുകളെന്നും വിമര്‍ശനമുയരുന്നുണ്ട്.