വെബ് ഡെസ്ക്
ശിവാജി റാവു ഗെയ്ക് വാദ് എന്ന മറാത്തക്കാരനെ അധികം ആര്‍ക്കും അറിയത്തില്ലായിരിക്കാം. എന്നാല്‍ രജനീകാന്ത് എന്ന സൂപ്പര്‍താരത്തെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇന്ത്യന്‍ സിനിമയിലെ ഛത്രപതി ശിവജിയാണ് രജനീകാന്ത്. വെറുമൊരു ബസ് കണ്ടക്ടറില്‍ നിന്നും സ്റ്റൈലിന്റെ അവസാന വാക്കായി വളര്‍ന്ന രജനീകാന്ത് ഇന്ത്യന്‍ സിനിമയിലെ മാത്രമല്ല ലോകസിനിമയിലെ തന്നെ വിസ്മയമാണ്. കെ.ബാലചന്ദറിന്റെ അപൂര്‍വ രാഗങ്ങള്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു രജനിയുടെ ചലച്ചിത്ര അരങ്ങേറ്റം. അവിടുന്ന് നാലു ദശാബ്ദം പിന്നിടുമ്പോഴേക്കും പലഭാഷകളിലായി അഭിനയിച്ച 159 ചിത്രങ്ങള്‍ രജനിയെ സ്റ്റൈല്‍ മന്നനാക്കി. ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം, ഇംഗഌഷ് എന്നീ ഭാഷകളിലായിരുന്നു രജനിയുടെ പ്രകടനം.
ഇന്ത്യന്‍ സിനിമയിലെ സ്റ്റൈലിന്റെ അവസാനവാക്കായ ബാഷ കണ്ട് കയ്യടിക്കാത്ത ഏതൊരിന്ത്യക്കാരനാണുള്ളത്. അതുപോലെ എത്രയെത്ര പടങ്ങള്‍. അവസാനം ഇറങ്ങിയ കബാലിയിലെ കഥാനായകനായ കബാലീശ്വരന് പോലും രജനിയുടെ സ്റ്റൈല്മന്നന് പട്ടം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. ഏഷ്യയില്‍ ജാക്കിച്ചാന് കഴിഞ്ഞാല്‍ ഏറ്റവുമധികം ആരാധകരുള്ള താരവും രജനിതന്നെ. പ്രതിഫലത്തിന്റെ കാര്യത്തിലും ജാക്കിച്ചാനു തൊട്ടുപിന്നിലാണ് രജനിയുടെ സ്ഥാനം. സ്റ്റൈല്‍ അങ്ങ് ജപ്പാനിലും ചൈനയിലുംവരെ രജനിക്ക് ആരാധകവൃന്ദങ്ങളെ സൃഷ്ടിച്ചു.
ബ്രഹ്മാണ്ട ചിത്രമായ കബാലി ഇന്ത്യയ്ക്കു വെളിയില്‍ റിലീസ് ചെയ്തത് 20000 തീയറ്ററുകളിലാണ്. ജപ്പാനില്തന്നെ 700 തീയറ്ററുകളില്‍ കബാലി തകര്‍ത്തോടി. രജനിയുടെ സിനിമ വന്നു കഴിഞ്ഞാല്‍ ജപ്പാനിലെ തീയറ്ററുകളുടെ മുമ്പിലെ നീണ്ട ക്യൂ പതിവു കാഴ്ചയാണ്. വെറുമൊരു ആക്ഷന്‍താരം എന്ന നിലയില്‍ ചിലര്‍ ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ശ്രീരാഘവേന്ദ്ര പോലെയുള്ള ചിത്രങ്ങള്‍. ശ്രീരാഘവേന്ദ്ര സ്വാമിയുടെ ജീവിതം അത്ര മനോഹരമായിയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. മുകളിലോട്ട് സിഗരറ്റ് എറിഞ്ഞ് കൃത്യമായി ചുണ്ടുകൊണ്ടു പിടിച്ചായിരുന്നു സ്റ്റൈല്‍ ജീവിതത്തിനു തുടക്കം. കൗമാരപ്രായത്തില്‍ ഈ സ്റ്റൈല്‍ പലവേദികളിലും അവതരിപ്പിച്ച് അദ്ദേഹം കൈയ്യടിവാങ്ങിയിരുന്നു. രജനിയുടെ സിനിമയിലുള്ള താത്പര്യം ആദ്യം തിരിച്ചറിഞ്ഞത് ആത്മമിത്രമായ ബഹാദൂര്‍ ആയിരുന്നു. ആ സമയത്ത് രജനി കണ്ടക്ടറായി ജോലി നോക്കുകയായിരുന്നു. പൂനെഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോയി പഠിക്കാന്‍ രജനിയ്ക്ക് സഹായം ചെയ്തതും. ഈ സുഹൃത്തായിരുന്നു.
ഓരോ സിനിമ കഴിയുമ്പോഴും ഇടവേളയെടുത്ത് ഹിമാലയത്തില്‍ പോകുന്നത് ഇദ്ദേഹത്തിന്റെ പതിവാണ്. ഒരു സാധാലുങ്കിയും ഷര്‍ട്ടുമണിഞ്ഞാണ് ഇദ്ദേഹത്തിന്റെ യാത്ര, അടുത്ത സുഹൃത്തുക്കളായ ഏതാനും പേര് മാത്രമാണ് അദ്ദേഹത്തെ അനുഗമിക്കുക. ജീവിതത്തിലെ ലാളിത്യമാണ് രജനീകാന്തിനെ ആളുകള്‍ സ്നേഹിക്കുന്നതിനു മറ്റൊരു കാരണം. സിനിമാസൈറ്റിലൊഴികെ മറ്റെല്ലാ വേദികളിലും മേക്കപ്പില്ലാതെയാണ് രജനി പ്രത്യക്ഷപ്പെടുന്നത്. അക്കാര്യത്തില്‍ മറ്റേതു സൂപ്പര്‍താരങ്ങള്‍ക്കും മാതൃകയാണ് ഈ മനുഷ്യന്. രജനീകാന്ത് എന്നത് എവിഎം സ്റ്റുഡിയോയുടെ ഒരു ബ്രാന്ഡ്നാമമാണ്. രജനീകാന്ത് വളരെയധികം ആളുകളുടെ ഇഷ്ടതാരമായിരിക്കുമ്പോള് അദ്ദേഹത്തിന്റെ ഇഷ്ടതാരം കമല്‍ഹാസനാണ് എന്നത് മറ്റൊരു കൗതുകം. സിബിഎസ്ഇ സിലബസില്‍ ഇടം പിടിച്ച ഏക സിനിമാതാരവും രജനിയണ്ണന് തന്നെ.
രജനീകാന്ത്് ഏതെങ്കിലും ചിത്രത്തില്‍ മരിക്കുന്നത് ആരാധകര്‍ക്ക് സഹിക്കാനാവില്ല, അതിനാല്‍ത്തന്നെ വര്‍ഷങ്ങളായി ഇദ്ദേഹത്തിന് സിനിമയില്‍ മരണമില്ല. മണിരത്നം സിനിമയായ ദളപതിയില്‍ ഇദ്ദേഹം അവസാനം മരിക്കുന്നുണ്ട്. എന്നാല്‍ സിനിമ പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് അക്രമാസക്തരായ ആരാധകര്‍ നാലു തീയറ്ററുകളാണ് കത്തിച്ചത്. ഉടന്‍തന്നെ സിനിമ പിന്‍വലിച്ച് ക്ലൈമാക്സ് മാറ്റുകയും ചെയ്തതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്. രജനീകാന്ത് ഒരു ഹോളിവുഡ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. 1988ല്‍ ഇറങ്ങിയ ബ്ലഡ്സ്റ്റോണ്‍ എന്ന ചിത്രത്തിലായിരുന്നു അത്. രജനീകാന്ത് ംൂന്നുവേഷം ചെയ്ത മൂന്ട്രുമുഖം എന്ന സിനിമ തമിഴ്നാട്ടില്‍ 250 ദിവസമാണ് തകര്‍ത്തോടിയത്. രജനി ബസ്കണ്ടക്ടറായ കാര്യം പലര്‍ക്കുമറിയാമെങ്കിലും ചെന്നൈയില്‍ ആശാരിയായും ചുമട്ടുതൊഴിലാളിയായും കഴിഞ്ഞിട്ടുണ്ടെന്ന കാര്യം അധികമാര്‍ക്കുമറിയില്ല.
2014ലാണ് ഇദ്ദേഹം ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങുന്നത്.് 24 മണിക്കൂറിനുള്ളില്‍തന്നെ 210000 പേര് ഇദ്ദേഹത്തെ ഫോളോ ചെയ്തു. ഒരു ഇന്ത്യന്‍ സെലിബ്രിറ്റിയുടെ റിക്കാര്‍ഡാണിത്. ഇദ്ദേഹം ഒരു തിരക്കഥാകൃത്താണെന്ന കാര്യവും അധികമാര്‍ക്കും അറിയില്ല. വള്ളി എന്ന സിനിമയ്ക്കാണ് ഇദ്ദേഹം ആദ്യമായി തിരക്കഥ ഒരുക്കിയത്. ഇന്ത്യകണ്ട എക്കാലത്തെയും സ്റ്റൈലിഷ് നടന്റെ വിശേഷങ്ങള്‍ തീരുന്നില്ല…