ബന്ദിപ്പുർ: ഡിസ്കവറി ചാനലിന്റെ മാൻ വേഴ്സസ് വൈൽഡ് ഷോയുടെ ചിത്രീകരണത്തിനിടെ സൂപ്പർ സ്റ്റാർ രജനീകാന്തിന് പരിക്കേറ്റെന്ന റിപ്പോർട്ടുകൾ തെറ്റെന്നു കർണാടക വനംവകുപ്പ്.
ചിത്രീകരണത്തിനിടെയുണ്ടായ വീഴ്ചയിൽ രജനീകാന്തിന് ഒരപകടവും ഉണ്ടായിട്ടില്ലെന്നും തിരക്കഥയിൽ പറഞ്ഞിരുന്നത് അനുസരിച്ചാണ് അദ്ദേഹം വീണതെന്നും വനംവകുപ്പ് അറിയിച്ചു.
തിരക്കഥയനുസരിച്ച് അദ്ദേഹം വീഴുന്നൊരു രംഗമുണ്ടായിരുന്നു. കയറിൽ നിന്ന് താഴേക്ക് വരുന്ന വഴി അദ്ദേഹം വീണു. എല്ലാവരും ഓടിക്കൂടി.
അതൊക്കെ തിരക്കഥയിലുള്ളതാണ്- ബന്ദിപ്പുർ റിസർവ് ഡയറക്ടറും ഫോറസ്റ്റ് കണ്‍സർവേറ്ററുമായ ബാലചന്ദ്ര പറഞ്ഞു. വീഴ്ചയ്ക്കുശേഷവും രജനീകാന്ത് ചിത്രീകരണത്തിൽ പങ്കെടുത്തെന്നും ചെന്നൈക്കു മടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിലെ ബന്ദിപ്പുർ വനത്തിൽ മാൻ വേഴ്സസ് വൈൽഡ് ഷോയുടെ ചിത്രീകരണത്തിനിടെ രജനീകാന്തിന് പരിക്കേറ്റെന്നാണു പുറത്തുവന്ന റിപ്പോർട്ടുകൾ. ബെയർ ഗ്രിൽസിനൊപ്പമായിരുന്നു ചിത്രീകരണം.
ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച മുതലാണ് ഷൂട്ട് ആരംഭിച്ചത്. 28നും 30നും പകൽ സമയം ആറു മണിക്കൂർ സമയമാണ് ഷൂട്ടിങ്ങിന് ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം അധികൃതർ അനുമതി നൽകിയിരിക്കുന്നത്. വനത്തിലുള്ള ചിത്രീകരണത്തിന് ഡിസ്കവറി ചാനൽ ടീമിന് കർശന നിർദേശങ്ങളും അധികൃതർ നൽകിയിരുന്നു.