എത്രയോ തമിഴ് സിനിമകളിൽ കണ്ടു പഴകിയ കഥ പോലെ തോന്നാം, പക്ഷെ ഇത് ജീവിതമാണ്. സിനിമാക്കഥ പോലുള്ള ജീവിതം. തമിഴനും മലയാളിക്കും തെലുങ്കനും ഹിന്ദിക്കാർക്കുമൊക്കെ ഒരുപോലെ പ്രിയങ്കരനായ രജനീകാന്തിന്റെ കഥ. വെള്ളിത്തിരയിൽ നിറഞ്ഞാടുന്നതിനു മുന്പുള്ള രജനീകാന്തിന്റെ ഫ്ളാഷ്ബാക്ക് ജീവിതം. കഷ്ടപ്പാടും ഡാർക്ക് സീനുകളും ടേണിംഗ് പോയന്റുകളും കിടിലൻ ക്ലൈമാക്സുമൊക്കെയായി ഒരു അടിപൊളി തമിഴ്സിനിമ തന്നെയാണ് രജനിയുടെ കഥ.
1950 ഡിസംബർ 12
പഴയ മൈസൂർ സംസ്ഥാനത്തെ ബാംഗ്ലൂരിൽ ഹനുമന്ത് നഗറിലെ മറാഠി കുടുംബത്തിൽ ഒരു കുട്ടി ജനിച്ചു. വീട്ടുകാർ അവന് ശിവാജി റാവു ഗെയ്ക്ക് വാദ് എന്ന് പേരിട്ടു. ആ കുടുംബത്തിലെ നാലാമത്തെ കുട്ടിയായിരുന്നു ശിവാജി. ശിവാജിയുടെ അച്ഛൻ റാണോജി റാവു ഒരു പോലീസ് കോണ്സ്റ്റബിളായിരുന്നു. ഇവരുടെ കുടുംബം കർണാടക – തമിഴ്നാട് അതിർത്തിയിലെ നാച്ചിക്കുപ്പം എന്ന ചെറിയ ഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നായിരുന്നു.
റാണോജി റാവുവിന് കോണ്സ്റ്റബിളായി ജോലി കിട്ടിയപ്പോഴാണ് ഇവരുടെ കുടുംബം ബാംഗ്ലൂരിൽ ഹനുമന്ത് നഗറിലേക്ക് താമസം മാറിയെത്തിയത്. ഏഴു വർഷം മാത്രമേ അമ്മയുടെ വാത്സല്യമേറ്റു വാങ്ങാൻ ശിവാജിക്ക് ഭാഗ്യമുണ്ടായുള്ളു. അമ്മ റാംബായി ശിവാജിക്ക് ഏഴുവയസുള്ളപ്പോൾ മരിച്ചു.
അതോടെ ശിവാജിയെന്ന ഏഴുവയസുകാരന്റെ കുട്ടിക്കാലം വളരെ മോശമായി മാറി. അച്ഛനും സഹോദരങ്ങളുമൊക്കെയുണ്ടെങ്കിലും അമ്മയില്ലാത്തതിന്റെ എല്ലാ പ്രശ്നങ്ങളും ശിവാജിക്കുണ്ടായി. പല മോശം കൂട്ടുകെട്ടുകളിലേക്കും ദുശീലങ്ങളിലേക്കും ശിവാജി വഴി തെറ്റിപ്പോയിത്തുടങ്ങി.
വീട്ടിൽ നിന്ന് പണം മോഷ്ടിച്ച് സിനിമ കാണുന്ന ശീലവും ശിവാജി തുടങ്ങിവെച്ചു. വെള്ളിത്തിരയിൽ നിറയുന്ന കാഴ്ചകൾ കണ്ട് കൈയടിച്ചും കൂവി വിളിച്ചും ശിവാജി പഴയ ടാക്കീസുകളിൽ കയറിയിറങ്ങി. സിനിമ പതിയെപ്പതിയെ തലയ്ക്കു പിടിക്കാൻ തുടങ്ങി. സിനിമ കാണലിൽ നിന്ന് സിനിമയിൽ അഭിനയിക്കണമെന്ന മോഹത്തിലേക്ക് ശിവാജിയുടെ മനസ് പറക്കാൻ തുടങ്ങി.
ഇളയമകന്റെ ശീലങ്ങളും ദുശീലങ്ങളും അച്ഛൻ റാണോജി റാവു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തന്റെ മകൻ തന്നെപോലെ പോലീസാകണം എന്ന് ആ അച്ഛൻ ആഗ്രഹിച്ചു. പക്ഷേ പോലീസുകാരന്റെ സ്വഭാവങ്ങൾക്ക് കടകവിരുദ്ധമായ പ്രവൃത്തികൾ കൊണ്ട് ശിവാജി അച്ഛനെ പലപ്പോഴും വിഷമിപ്പിച്ചു.
സിനിമ കണ്ടും കറങ്ങിനടന്നും ഉഴപ്പി നടന്നെങ്കിലും ശിവാജി പത്താം ക്ലാസ് പഠനം പൂർത്തിയാക്കി. നീ പഠനം തുടരണമെന്നും കോളജിൽ ചേരണമെന്നുമുള്ള അച്ഛന്റെ വാക്കുകൾ ശിവാജി ചെവിക്കൊണ്ടില്ല. കോളജ് പഠനമോ ജോലിയോ അല്ല സിനിമയാണ് എനിക്കിഷ്ടമെന്ന് മുഖത്തുനോക്കി പറഞ്ഞപ്പോൾ ആ പാവം പോലീസുകാരൻ തകർന്നുപോയി. പക്ഷേ ശിവാജി പിന്മാറിയില്ല.
തന്റെ ഉറച്ച തീരുമാനവുമായി സിനിമാ മോഹവുമായി ബാംഗ്ലൂരിൽ നിന്ന് അന്ന് സിനിമയുടെ പറുദീസയായിരുന്ന മദ്രാസിലേക്ക് ശിവാജി വണ്ടികയറി. അത്ര എളുപ്പം കടന്നുചെല്ലാവുന്ന മേഖലയല്ല സിനിമയെന്ന് ശിവാജിക്ക് വളരെ പെട്ടന്നു തന്നെ മനസിലായി. സിനിമയിൽ ഒന്നു മുഖം കാണിക്കാൻ പോലും എളുപ്പവഴികളില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു. സിനിമാ മോഹങ്ങളുമായി പഴയ മദിരാശിയിലെത്തിയ ആയിരങ്ങൾക്കൊപ്പം ശിവാജിയും മദിരാശി പട്ടണത്തിലലഞ്ഞു.
ഒടുവിൽ ഒരു രക്ഷയുമില്ലാതെ വന്നപ്പോൾ തിരികെ ബാംഗ്ലൂരിലേക്ക് തന്നെ മടങ്ങേണ്ടി വന്നു ശിവാജിക്ക്.
ഒരു നല്ല ജോലിയും വരുമാനവും വന്നാൽ ശിവാജിയിൽ മാറ്റങ്ങളുണ്ടാകുമെന്ന് മൂത്ത ജേഷ്ഠൻ സത്യനാരായണ റാവു മനസിലാക്കി. അങ്ങിനെ അദ്ദേഹം തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ ശിവാജിക്കൊരു ജോലി ശരിയാക്കിക്കൊടുത്തു.
കണ്ടക്ടറുടെ ജോലി. ശിവാജി റാവു ഗെയ്ക്ക് വാദിന്റെ ആദ്യത്തെ വേഷം. സിനിമ മോഹം കണ്ടക്ടറുടെ കാക്കിക്കുപ്പായത്തിനുള്ളിലും അടങ്ങാതെ കിടന്നിരുന്നു. സിനിമയിലേക്കെത്താനുള്ള ആദ്യപടി നാടകമാണെന്ന് ആരോ പറഞ്ഞപ്പോൾ ശ്രദ്ധ നാടകത്തിലേക്കായി.
കണ്ടക്ടർ ജോലിക്കൊപ്പം നാടകത്തിൽ അഭിനയിക്കാൻ ശിവാജി സമയം കണ്ടെത്തി വർക്ക് ഷെഡ്യൂൾ അഡ്ജസ്റ്റ് ചെയ്തു. ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടെ എതിർ ബഞ്ചിലിരുന്ന് പത്രം വായിക്കുന്നയാളുടെ കൈയിലെ പത്രത്തിൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയ കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കാണുന്നത്.
ശിവാജിയുടെ സിനിമാ മോഹങ്ങൾ നന്നായി അറിയാവുന്ന സുഹൃത്ത് രാജ് ബഹാദൂറും ശിവാജിയെ പ്രോത്സാഹിപ്പിച്ചു. അഭിനയ കോഴ്സിന് അപേക്ഷിക്കാൻ തോഴൻ കൂടി നിർബന്ധിച്ചപ്പോൾ ശിവാജി മടിച്ചില്ല. അപേക്ഷിച്ചു, പ്രവേശനം കിട്ടി.
1973ൽ ശിവാജി റാവു ഗെയ്ക്ക് വാദ് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയ കോഴ്സിന് ചേർന്നു. പൈസയ്ക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടായപ്പോഴെല്ലാം സഹായിച്ചത് രാജ് ബാഹാദൂർ ആയിരുന്നു. ബാലൻ അശോക് രാജിന്റെ അഭിനയ മോഹങ്ങൾക്ക് കൂട്ടും താങ്ങും തണലായും നിന്നപോലെ.
പഠനം പൂർത്തിയായി പുറത്തിറങ്ങിയ ശിവാജിയുടെ ജാതകം തിരുത്തിക്കുറിക്കാൻ കടവുൾ ഒരാളെ അയച്ചുകഴിഞ്ഞിരുന്നു. കെ.ബാലചന്ദർ. ശിവാജി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ച് പുറത്തിറങ്ങുന്നതിനും പത്തുവർഷം മുൻപേ തന്നെ സിനിമ സംവിധാനം ചെയ്തു തുടങ്ങിയ മാസ്റ്ററായിരുന്നു ബാലചന്ദർ. 1975ൽ ബാലചന്ദർ ഒരുക്കിയ അപൂർവരാഗങ്ങൾ എന്ന സിനിമയിൽ ശിവാജിയും വേഷമിട്ടു.
ശിവാജി റാവു ഗെയ്ക്ക് വാദ് എന്ന പേര് നല്ലതൊക്കെയാണെങ്കിലും സിനിമയ്ക്ക് പറ്റില്ല. വേറൊരു ശിവാജി ഇന്ത്യൻ സിനിമയിൽ ചക്രവർത്തിയായിട്ടുള്ളതുകൊണ്ട് നമുക്ക് പേരൊന്ന് മാറ്റാം എന്ന ബാലചന്ദർ നിർദ്ദേശിച്ചപ്പോൾ ശിവാജിക്ക് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.
അദ്ദേഹം തന്റെ മേജർ ചന്ദ്രകാന്ത് എന്ന സിനിമയിൽ എവിഎംരാജൻ അവതരിപ്പിച്ച രജനീകാന്ത് എന്ന കഥാപാത്രത്തിന്റെ പേരെടുത്ത് ശിവാജി റാവു ഗെയ്ക്ക് വാദിന് ചാർത്തിക്കൊടുക്കുകയായിരുന്നു. ആ പേര് അന്നിടുന്പോഴേ ബാലചന്ദർ എന്ന ദീർഘദർശിക്കറിയാമായിരുന്നു – വെളുത്തു തുടുത്തു സുന്ദരനല്ലാത്ത ഒരു നടനെ രാത്രിയുടെ നിറം എന്നർഥമുള്ള രജനീകാന്ത് എന്ന പേരുനൽകി അവതരിപ്പിക്കുന്പോൾ ഈ നടൻ വെള്ളിത്തിരയിൽ തിളങ്ങുന്ന നക്ഷത്രമായി മാറുമെന്ന്…
അതേ വർഷം തന്നെ കന്നടയിൽ രജനീകാന്ത് അഭിനയിച്ച കഥാസംഗമ എന്ന ചിത്രം റിലീസ് ചെയ്തു. 1977ൽ എസ്.പി. മുത്തുരാമൻ സംവിധാനം ചെയ്ത ഭുവന ഒരു കേൾവിക്കുറി എന്ന ചിത്രം രജനീകാന്തിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കി. നല്ല നടൻ, നല്ല വില്ലൻ, നല്ല സഹനടൻ എന്നൊക്കെയുള്ള ഇമേജുകൾക്കിടയിലൂടെ രജനീകാന്ത് എന്ന നടൻ മുന്നോട്ടുനീങ്ങി. ഓരോ ചിത്രവും തന്റെ അഭിനയപാടവം മെച്ചപ്പെടുത്താൻ അദ്ദേഹം പ്രയോജനപ്പെടുത്തി. 1978ൽ ജെ.മഹേന്ദ്രൻ സംവിധാനം ചെയ്ത മുള്ളും മലരും രജനീകാന്തിന് പേരും പെരുമയും നേടിക്കൊടുത്തു. കമൽഹാസന്റെ വില്ലനായി പല ചിത്രങ്ങളിലും രജനി വേഷമിട്ടു.
1980കളിൽ പുറത്തിറങ്ങി ബില്ല എന്ന രജനീകാന്ത് ചിത്രം കാര്യങ്ങളെല്ലാം ബ്ലാക്ക് ആന്റ വൈറ്റിൽ നിന്ന് കളറാക്കി. ഡോണ് എന്ന അമിതാഭ് ബച്ചൻ സിനിമയുടെ തമിഴ് റിമേക്കായിരുന്നു ബില്ല. ഒരു നായകനു വേണ്ട സർവഗുണങ്ങളും ചേർത്ത് കോർത്തിണക്കിയ ബില്ലയിലെ രജനീകാന്തിനെ രണ്ടാമതൊന്ന് ചിന്തിക്കാതെ തമിഴ്പ്രേക്ഷകർ തങ്ങളുടെ പുതിയ നായകനായി വാഴിച്ചിരുത്തി.ഇതാണ് നമ്മ പറഞ്ഞ നടൻ എന്ന് അവർ ടാക്കിസുകളിലെ ബഞ്ചുകളിലിരുന്ന് ആവേശത്തോടെ പറഞ്ഞു.
പിന്നെയങ്ങോട്ട് തമിഴ് സിനിമ ഈ നടനു പിന്നാലെയായി. ഹിന്ദിയിൽ അമിതാഭ് ബച്ചൻ ചെയ്ത പല സിനിമകളും തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ അതിലെല്ലാം നായകനായി തിളങ്ങിയത് രജനിയായിരുന്നു. എണ്പതുകളിൽ നിന്നു തൊണ്ണൂറുകളിലേക്ക് എത്തിയപ്പോഴേക്കും രജനീകാന്ത് ശരിക്കും സൂപ്പർസ്റ്റാർ ആയി മാറിക്കഴിഞ്ഞിരുന്നു. തിരക്കഥാകൃത്തായി വള്ളി എന്ന സിനിമയിൽ എഴുത്തിന് ഹരിശ്രീ കുറിച്ചു.
മുത്തു എന്ന ചിത്രം ജാപ്പനീസ് ഭാഷയിൽ ഡബ്ബു ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമായി. മുത്തുവിലെ ഹീറോ അതോടെ ജപ്പാൻകാരുടെയും ഹീറോ ആയി മാറിയതിന് കാലം സാക്ഷി. 2007ൽ റിലീസ് ചെയ്ത തമിഴ് സിനിമ ശിവാജി ദി ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാർട്ടിൽ ഇടം പിടിച്ച ആദ്യ തമിഴ് ചിത്രമായി. തന്റെ ബാബ എന്ന ചിത്രം ബോക്സോഫീസിൽ വൻ ദുരന്തമായി മാറിയപ്പോൾ വിതരണക്കാർക്കും തിയറ്റർ ഉടമകൾക്കും നഷ്ടപരിഹാരം നൽകിക്കൊണ്ട് ഇന്ത്യയിലെ ഒരു താരവും ഇന്നേ വരെ ചെയ്തിട്ടില്ലാത്ത നൻമയിലൂടെ രജനീകാന്ത് ലോകസിനിമയുടെ ശ്രദ്ധ നേടി.
മലയാളത്തിൽ ഐ.വി. ശശി സംവിധാനം ചെയ്ത അലാവുദ്ദീനും അത്ഭുത വിളക്കും എന്ന സിനിമയിൽ കമൽഹാസനൊപ്പം വില്ലനായും ഗർജനം എന്ന ചിത്രത്തിലും രജനീകാന്ത് മലയാളത്തിന്റെ വെള്ളിത്തിരയിലെത്തി. ബോളിവുഡിൽ അന്ധാകാനൂണ് എന്ന സിനിമയിലൂടെയ അരങ്ങേറ്റം കുറിച്ചു. ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും രജനീകാന്ത് അഭിനയിച്ചു. ഏഴൈ തോഴനായ എംജിആറിനു ശേഷം അതേ പാറ്റേണിലുള്ള സിനിമകളിൽ തമിഴ് പ്രേക്ഷകർ പ്രതിഷ്ഠിച്ചത് രജനിയെ ആയിരുന്നു.
സന്പന്നനായ വില്ലന്റെ ക്രൂരതകൾക്ക് വിധേയനാകുന്ന പാവപ്പെട്ടവന്റെ രക്ഷകനായി രജനീകാന്ത് എത്രയോ സിനിമകളിൽ തിളങ്ങി കൈയടി നേടി. സ്ഥിരം ടൈപ്പ് കഥാപാത്രങ്ങളിൽ പെട്ടുപോയെങ്കിലും അവയൊന്നും പ്രേക്ഷകരെ ബോറടിപ്പിച്ചില്ല. അടിയും ഇടിയും കൊള്ളാം അഭിനയിക്കാൻ രജനീകാന്തിന് അത്ര വശം പോര എന്ന് വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു മണിരത്നം ഒരുക്കിയ ദളപതി.
മമ്മൂട്ടിക്കൊപ്പം സൂര്യ എന്ന കഥാപാത്രമായി രജനീകാന്ത് തന്റെ പതിവ് ശൈലികളിൽ നിന്നും വേറിട്ട് തന്റെ അഭിനയപാടവം പുറത്തെടുത്തപ്പോൾ അത് സകല വിമർശകരുടേയും വായടപ്പിച്ചു. ഒരുകാലത്ത് ചാൻസും തേടി തമിഴ്നാട്ടിലെ ഫിലിം സ്റ്റുഡിയോകൾക്കു മുന്നിലൂടെ അലഞ്ഞ ശിവാജിയെ തേടി പിന്നീട് പുരസ്കാരങ്ങളുടെ പെരുമഴയെത്തി.
2016ൽ രാജ്യം പത്മവിഭൂഷണ് നൽകി ആദരിച്ചു. അറുപത്തിയേഴാം ദാദാ സാഹിബ് ഫാൽക്കേ അവാർഡും രജനീകാന്തിന്റെ കൈകളിലെത്തി. രാഷ്ട്രീയകളരിയിൽ പയറ്റിയെങ്കിലും കാര്യമായ ചലനങ്ങൾ പൊളിറ്റിക്കൽ ബോക്സോഫീസിൽ സൃഷ്ടിക്കാൻ രജനീകാന്തിനായില്ല എന്നത് വാസ്തവം. ഭാര്യ ലതയ്ക്കും മക്കളായ ഐശ്വര്യ, സൗന്ദര്യ എന്നിവരുമടങ്ങുന്ന കുടുംബം എല്ലാ പിന്തുണയുമായി രജനിക്കൊപ്പമുണ്ട്.
അപൂർവരാഗങ്ങളിൽ നിന്ന് തുടങ്ങി വേട്ടയ്യിനിലെത്തി നിൽക്കുന്പോൾ രജനീകാന്ത് എന്ന നടന്റെ ക്രെഡിറ്റിലുള്ളത് 170 സിനിമകൾ. 2023ൽ നെൽസണ് ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ രജനീകാന്ത് എന്ന സൂപ്പർതാരത്തിന് ഇനിയുമൊരുപാട് അങ്കങ്ങൾക്ക് ബാല്യമുണ്ടെന്ന് തെളിയിച്ച ചിത്രമാണ്.
അറനൂറു കോടിയിലധികമാണ് ജയിലർ ബോക്സോഫീസിൽ നിന്ന് നേടിയത്. എഴുപത്തിനാലാം വയസിലും ചുറുചുറുക്കോടെ തോക്കുമെന്തി എതിരാളികളെ വെടിവെച്ചു വീഴ്ത്തി അയാൾ വീണ്ടുമെത്തിക്കഴിഞ്ഞു… ഇനി വേട്ടയ്യന്റെ വിളയാട്ടുകാലമാണ്.
ഋഷി