ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനം നടത്തുന്ന സ്റ്റൈല്മന്നന് രജനികാന്തിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച്
സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനിടെയാണ് രജനികാന്ത് അഖിലേഷ് യാദവിനെ സന്ദര്‍ശിക്കാനെത്തിയത്. തുടര്‍ന്ന് രജനികാന്ത് അയോധ്യ സന്ദര്‍ശിക്കും.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച താരം അദ്ദേഹത്തിനൊപ്പം ‘ജയിലര്‍’ സിനിമ കണ്ടിരുന്നു.
ലക്നൗവിലെ അഖിലേഷിന്റെ വസതിയിലായിരുന്നു രജനികാന്തുമായുള്ള കൂടിക്കാഴ്ച. ഇതിനു പിന്നാലെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ അഖിലേഷ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.
‘ഹൃദയങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ ആളുകള്‍ ആലിംഗനം ചെയ്യും’ എന്ന വാചകത്തോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
മൈസൂരുവിലെ എഞ്ചിനീയറിംഗ് പഠനകാലത്ത് രജനികാന്തിനെ സ്ക്രീനില്‍ കണ്ടപ്പോള്‍ അനുഭവിച്ച സന്തോഷം ഇപ്പോഴും മറക്കാനാകില്ലെന്നും അഖിലേഷ് കുറിച്ചു.
”ഒന്‍പതു വര്‍ഷം മുന്‍പാണ് അഖിലേഷിനെ മുംബൈയില്‍ വച്ച് ആദ്യമായി കാണുന്നത്. അന്നു മുതല്‍ സൗഹൃദമുണ്ട്. ഫോണിലൂടെ സൗഹൃദം പുതുക്കാറുണ്ട്. അഞ്ചു വര്‍ഷം മുന്‍പ് ഇവിടെ ഒരു ഷൂട്ടിംഗിനു വന്നിരുന്നെങ്കിലും, അന്ന് അദ്ദേഹത്തെ കാണാനായില്ല. അതുകൊണ്ട് ഇത്തവണ ഉത്തര്‍പ്രദേശില്‍ എത്തിയപ്പോള്‍ കാണാമെന്നു കരുതി’ രജനികാന്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവേ രജനികാന്ത് കാല്‍തൊട്ടു വണങ്ങിയിരുന്നു. ഇതിനെതിരേ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ആളുകള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.