തൃശൂർ: തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നകേസിൽ പ്രതി ഒഡീഷ സ്വദേശി രജനീകാന്തയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി. ഐപിസി 302 വകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി തള്ളിയിട്ടതെന്നാണ് എഫ്ഐആറിൽ പറയുന്നത്. തൃശൂരിൽ നിന്ന് കയറിയ പ്രതിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചത് മുളങ്കുന്നത്ത്കാവ് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ്.
ട്രെയിനിന്റെ 11-ാമത് കോച്ചിന്റെ പിന്നിൽ വലതുവശത്തെ വാതിലിനു സമീപത്ത് നിൽക്കുകയായിരുന്ന ടിടിഇയെ പ്രതി പിന്നിൽനിന്ന് രണ്ടു കൈകൾ കൊണ്ടും തള്ളിയിട്ടുവെന്നും എഫ്ഐആറിൽ പറയുന്നു.
ചൊവ്വാഴ്ച രാത്രി ഏഴിന് എറണാകുളം-പാറ്റ്ന എക്സ്പ്രസിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള റൂട്ടിൽ വെളപ്പായയിലാണു സംഭവം. ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴയീടാക്കണമെന്ന് പറഞ്ഞതോടെ ടിടിഇയെ പ്രതി ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
തന്റെ കൈയില്‍ പണമില്ലായിരുന്നുവെന്നും പിഴ നല്‍കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ വിനോദിനെ പുറത്തേക്ക് ചവിട്ടിയിട്ടതെന്നാണ് രജനീകാന്ത പറയുന്നത്. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു.
മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷന് 200 മീറ്റർ അകലെ വെളപ്പായ റെയിൽവേ മേൽപ്പാലത്തിനു താഴെയാണു മൃതദേഹം കിടന്നിരുന്നത്. കൈയും കാലും വേർപെട്ട നിലയിൽ ചിതറിക്കിടക്കുകയായിരുന്നു. കോച്ചിലെ യാത്രക്കാര്‍ നല്കിയ വിവരം അനുസരിച്ച് പ്രതിയെ ട്രെയിൻ പാലക്കാട് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പിടികൂടിയത്. ഇയാൾ മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു.
എറണാകുളം ജില്ലയിലെ വരാപ്പുഴ മഞ്ഞുമ്മൽ സ്വദേശിയായ വിനോദ് തൃശൂരിൽനിന്ന് ഇന്നലെ വൈകുന്നേരം 5.30നാണു വിനോദ് ജോലിക്കു കയറിയത്. ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷനായിരുന്ന വിനോദ് രണ്ടു വർഷം മുമ്പാണ് ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്നു ടിടിഇ കേഡറിലേക്കു മാറിയത്. നേരത്തേ മാളയിലായിരുന്നു താമസം.
കലാകാരൻകൂടിയായ വിനോദ് പുലിമുരുകൻ, വിക്രമാദിത്യൻ, ഒപ്പം തുടങ്ങി 14 സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.