ചെന്നൈ: തമിഴ്നാട്ടിൽ കമൽഹാസനുമായി രാഷ്ട്രീയത്തിൽ കൈകോർക്കുമെന്ന സൂചന നൽകി തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്ത്. തമിഴ്നാടിന്റെ വികസനത്തിനായി ഒരുമിക്കണമെങ്കിൽ അതുണ്ടാകുമെന്നാണ് രജനീകാന്ത് പറഞ്ഞത്. ചെന്നൈയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് രജനി പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റിനും സെപ്റ്റബറിനും ഇടയിൽ രജനി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന.
ആരാധക സംഘടനയായ രജനി മക്കൾ മൻട്രം പേര് മാറ്റി രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനാണു പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, കമൽഹാസൻ മക്കൾ നീതി മയ്യമെന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുകയും ചെയ്തു.
ബിജെപിയിൽ ചേരുമെന്ന പ്രചാരണം തള്ളി രജനീകാന്ത് അടുത്തിടെ രംഗത്തുവന്നിരുന്നു. ബിജെപിയുടെ കെണിയിൽ വീഴില്ലെന്നും തന്നെയും തിരുവള്ളുവരെയും ഒന്നും കാവിവൽക്കരിക്കാനുള്ള ശ്രമം നടക്കില്ലെന്നുമാണ് രജനീകാന്ത് പറഞ്ഞത്. കവി തിരുവള്ളുവർ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്നാട് ബിജെപി പ്രചരിപ്പിച്ചതിനു പിന്നാലെയാണ് പ്രസ്താവനയുമായി സൂപ്പർസ്റ്റാർ രംഗത്തെത്തിയത്.
നോട്ടു നിരോധനം, ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയ കേന്ദ്ര സർക്കാർ നടപടികളെ പിന്തുണച്ചതോടെ താരം ബിജെപിയിൽ ചേരുമെന്നും അഭ്യൂഹങ്ങൾ ഉയർന്നു. എന്നാൽ, കഴിഞ്ഞ ദിവസം തമിഴ് രാഷ്ട്രീയം എക്കാലവും അദ്ഭുതങ്ങൾ നിറഞ്ഞതാണെന്നും ഭാവിയിലും അദ്ഭുതങ്ങൾ സംഭവിക്കുമെന്നും രജനീകാന്ത് പറഞ്ഞത് നിലപാട് മാറ്റത്തിന്റെ സൂചനയായി കരുതപ്പെടുന്നു.