വിജയ് സേതുപതിയെ ഒരു മഹാനടന് തന്നെയെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ അഭിനയത്തില്‍ എങ്ങനെയെല്ലാം ചെയ്താല്‍ ഓരോ ഭാഗവും കൂടുതല്‍ നന്നാക്കാമെന്ന് ചിന്തിക്കുന്ന വിജയ് സേതുപതി നല്ലൊരു മനുഷ്യന് കൂടിയാണെന്നും സ്റ്റൈല്‍ മന്നന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന പേട്ടയുടെ ഓഡിയോ റീലീസ് ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് തലൈവര്‍ ഇക്കാര്യം പറഞ്ഞത്.
രജനീകാന്തിന്റെ വാക്കുകളിങ്ങനെ. ‘വിജയ് സേതുപതിയെ കണ്ടു, പരിചയപെട്ടു, ഒപ്പം അഭിനയിച്ചു. ഒരു നല്ല നടനാണദ്ദേഹം. ആ അഭിനയം അടുത്തു നിന്നു കണ്ടപ്പോളാണ് അദ്ദേഹം ഒരു മഹാനടനാണെന്നു മനസ്സിലായത്. ഓരോ ഷോട്ടിനു മുന്‍പും ആ ഷോട്ടിന് മുന്‍പ് എന്ത് സംഭവിച്ചു, അതിനു ശേഷം എന്താണ് കഥയില്‍ സംഭവിക്കുന്നത്, കഥാപാത്രത്തിന്റെ മാനസിക നില എന്താണ് തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച് സ്വയം ഭേദപ്പെടുത്തി, വേറെ ലെവല്‍ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേതെന്നും താരം അഭിപ്രായപ്പെട്ടു.
ഒരു നല്ല അഭിനേതാവ് മാത്രമല്ല, നല്ലൊരു മനുഷ്യന് കൂടിയാണ് വിജയ് സേതുപതി. അദ്ദേഹത്തിന്റെ ചിന്തകളും വാക്കുകളും ഏറെ സ്വാധീനിക്കും. ‘ഇത്ര നല്ല ചിന്തകള്‍ വരുന്നത് എവിടെ നിന്നെന്ന അത്ഭുതത്തില്‍ നിങ്ങള്‍ ഒരുപാട് പുസ്തകങ്ങള്‍ വായിക്കാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. സിനിമകള്‍ ധാരാളം കാണുന്നുണ്ടായിരിക്കും എന്നു പറഞ്ഞപ്പോള്‍ അതിനും ഇല്ല എന്നു തന്നെ പറഞ്ഞു. ഒരു ഹ്യൂമന്‍ സയന്റിസ്റ്റിനെ പോലെയാണ് അദ്ദേഹവും അദ്ദേഹത്തിന്റ ചിന്തകളും.’ നമ്മള് കാണാത്ത ഒരു സ്വപ്നം സത്യമാവുന്നതുപോലെയാണ് തനിക്ക് രജനിസാറിനൊപ്പം അഭിനയിച്ചപ്പോള്‍ തോന്നിയതെന്നായിരുന്നു വിജയ് സേതുപതി മുമ്പ് പറഞ്ഞത്.