സ്വന്തം ലേഖകൻ
കുമരകം: കായലിന്റെ കാവലാളായ രാജപ്പനു പ്രധാനമന്ത്രിയുടെ പ്രശംസ. വേന്പനാട്ടു കായലിലെയും സമീപ ജലാശയങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവിറ്റ് ഉപജീവനം നടത്തുന്ന കുമരകം മഞ്ചാടിക്കരി സ്വദേശി രാജപ്പനെ (72)യാണ് തന്റെ പ്രതിമാസ റോഡിയോ പരിപാടിയായ മൻകിബാത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെയാണ് ജന്മനാ പൂർണമായും ഇരുകാലുകൾക്കും ചലനശേഷിയില്ലാത്ത രാജപ്പന്റെ പ്രവൃത്തിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചത്.
ഓർമ വച്ച നാളുകൾക്ക് മുന്പേ മാതാപിതാക്കൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് വിദ്യാലയത്തിന്റെ പടിവാതിലിൽ എത്താൻ സാധിച്ചില്ലെങ്കിലും തന്റെ ജീവിത സാഹചര്യങ്ങളിൽനിന്നു പരിസ്ഥിതി സംരംക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു ജീവിതമാർഗം കണ്ടെത്തുകയായിരുന്നു രാജപ്പൻ. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം വർധിക്കുന്നത് ജനങ്ങളുടെ അറിവില്ലായ്മ മൂലമാണെന്നാണ് രാജപ്പൻ പറയുന്നത്.
തന്റെ വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ പ്രധാനമന്ത്രി അഭിനന്ദിച്ച വാർത്ത സമീപത്തെ വീട്ടിൽ സുഹൃത്തുക്കൾ എത്തിച്ച് കാണിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ ടെലിവിഷനിൽ കണ്ടതോടെ നേരിൽ കാണാനുള്ള ആഗ്രഹവും രാജപ്പൻ പങ്കുവച്ചു.
നന്ദു എന്ന ചെറുപ്പക്കാരൻ പകർത്തിയ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെയാണ് രാജപ്പന്റെ ജീവിതം പുറം ലോകം അറിയുന്നത്. കഷ്ടപ്പെട്ടു പെറുക്കിക്കൂട്ടിയ കുപ്പികൾ ആക്രിക്കച്ചവടക്കാർ വാങ്ങി വില തരാതെ പല തവണ തന്നെ കബളിപ്പിച്ചിട്ടുണ്ടെന്ന് രാജപ്പൻ പറയുന്നു.
പുലർച്ചെ നാലിനു തന്റെ തൊഴിൽ ആരംഭിക്കുകയും തിരികെ എത്താൻ വൈകിയാൽ തന്റെ എല്ലാമായ കൊച്ചുവള്ളത്തിൽ പാലങ്ങളുടെ കീഴിൽ അന്തിയുറങ്ങുകയും ചെയ്യും.
ആർപ്പൂക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ നടുലക്കരയിൽ സുകുമാരന്റെയും കുഞ്ഞമ്മയുടെയും മകനായി ജനിച്ച രാജപ്പൻ ഈ തൊഴിൽ തുടങ്ങിയിട്ട് 15 വർഷങ്ങൾ പിന്നിട്ടു.
പ്രധാനമന്ത്രിയുടെ അഭിനന്ദന വാർത്ത അറിഞ്ഞതോടെ നാട്ടുകാരും രാജപ്പനെ അഭിനന്ദിക്കാൻ മത്സരിക്കുകയാണ്. ജീവിതത്തിന്റെ ഭൂരിഭാഗവും വെള്ളത്തിലും വള്ളത്തിലും കഴിയുന്ന രാജപ്പന് നീന്താൻ പോലും കഴിയില്ല.
തന്റെ ഉപജീവന മാർഗം തേടുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണവും നടത്തുന്ന ഈ പ്രകൃതി സ്നേഹി വാർധക്യം മറന്നും കായലിലേക്കു നീങ്ങുകയാണ്.