കുമരകം: വേമ്പനാട് കായലിന്റെ കരുതലാളായ രാജപ്പന് ഡല്ഹി വിമാന യാത്രയ്ക്ക് ഒരുക്കങ്ങളെല്ലാം പൂര്ത്തിയായി. പുതിയ മുണ്ടും ഷര്ട്ടും കമ്പിളി ഷാളും ഉടുപ്പുമൊക്കെ ബാഗിലാക്കി. പ്രധാനമന്ത്രിയുടെ മന് കി ബാത്തിലെ പരാമര്ശത്തിലൂടെ പ്രശസ്തനായ കൈപ്പുഴമുട്ട് മഞ്ചാടിക്കരി രാജപ്പന് റിപ്പബ്ലിക് ദിന പരിപാടിയില് പങ്കെടുക്കാന് മാത്രമല്ല നരേന്ദ്രമോദിയുടെ ചായസത്കാരത്തില് പങ്കെടുക്കാനും ക്ഷണമുണ്ട്.
രണ്ടു ദിവസം ഡല്ഹി നഗരം കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. നാലു ദിവസത്തെ താമസവും ഭക്ഷണവും സര്ക്കാര് നല്കും. പക്ഷാഘാത വൈകല്യമുള്ളതിനാല് ഇഴഞ്ഞാണ് സഞ്ചാരമെങ്കിലും അതൊന്നും ഡല്ഹി യാത്രയ്ക്ക് തടസമല്ല. ചെരുപ്പൊഴികെ യാത്രയ്ക്കുവേണ്ടതെല്ലാം രാജപ്പന് ഒരുക്കിയിരിക്കുന്നു.
ബുധനാഴ്ച നെടുമ്പാശേരിയില് നിന്നാണ് ഡല്ഹിയിലേക്കു പോകുക. വിമാനത്താവളത്തില് വീല് ചെയര് ക്രമീകരിച്ചിട്ടുണ്ട്. ഡല്ഹിയില് വാഹനവുമുണ്ടാകും. 365 ദിവസവും രാവിലെ ഏഴു മുതല് വൈകുന്നേരം ആറു വരെ രാജപ്പന് തന്റെ ചെറിയ വള്ളത്തില് വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികള് പെറുക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്. അഡ്വ. ജോഷി ചീപ്പുങ്കല് രാജപ്പനെ യാത്രയില് അനുഗമിക്കും.
പി.ടി. കുര്യന്