ഗാന്ധിനഗര്‍: കുമരകം ചീപ്പുങ്കല്‍ മഞ്ചാടിക്കരി നടുവിലേക്കരി വീട്ടില്‍ എന്‍ കെ രാജപ്പന് എന്ന രാജപ്പന് ചേട്ടന് തന്റെ അക്കൗണ്ടില്‍ നിന്ന് സഹോദരിയും കുടുംബവും ചേര്‍ന്ന് 5,08,000 തട്ടിയെടുത്തതായി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.
ചെറുവള്ളത്തില്‍ കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് മാലിന്യ നിര്‍മാര്‍ജനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ “മന്‍കീ ബാത്ത് ‘ പരിപാടിയിലൂടെ പ്രശംസയ്ക് പാത്രമായ രാജപ്പന് ചേട്ടന്റെ പണമാണ് തട്ടിയെടുത്തത്.
ഇദ്ദേഹത്തിന്റെ സഹോദരിയും ചീപ്പുങ്കല്‍ മഞ്ചാടിക്കരി ചെത്തുവേലില് വീട്ടില്‍ വിലാസിനി ഇവരുടെ ഭര്‍ത്താവ് കുട്ടപ്പന്, മകന് ജയലാല്‍ എന്നിവര്‍ ചേര്‍ന്ന് പണം തട്ടിയെടുത്തതായിട്ടാണ് ജില്ലാ പോലീസ് മേധാവിക്ക് രാജപ്പന്‍ചേട്ടന്‍ പരാതി നല്‍കിയിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ സഹോദരന് പാപ്പച്ചിയുടെ സംരക്ഷണത്തിലാണ് രാജപ്പന്‍ചേട്ടന്‍ താമസിച്ചു വന്നിരുന്നത്.ഇരുകാലുകളും തളര്‍ന്ന് നടക്കുവാന്‍ പോലും കഴിയാത്ത ഇദ്ദേഹം ചെറുവള്ളത്തില്‍ കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ശേഖരിച്ച് വിറ്റാണ് ഉപജീവനം കഴിച്ചു വന്നിരുന്നത്.
നവ മാധ്യമങ്ങളില്‍ ഇദ്ദേഹത്തെക്കുറിച്ചു വന്ന വാര്‍ത്തയാണ് പ്രധാനമന്ത്രിയുടെ പ്രശംസയ്ക് പാത്രമായതും നാട്ടില്‍ നിന്നും വിദേശങ്ങളില്‍ നിന്നും സഹായം ഒഴുകിയെത്തിയതും. കഴിഞ്ഞ ദിവസം തയ്വാനില് നിന്നും അവാര്‍ഡും ധനസഹായവും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.
ഇങ്ങനെ വന്ന പണം സൂക്ഷിക്കുവാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ഫെഡറല്‍ ബാങ്കിന്റെ കുമരകം ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങുകയായിരുന്നു ഇദ്ദേഹം.കാലിന് സ്വാധീനമില്ലാത്തതിനാല്‍ സഹോദരി വിലാസിനെയും ചേര്‍ത്ത് ജോയിന്റ് അക്കൗണ്ട് തുടങ്ങുവാനും നോമിനിയായി ഇവരെ വയ്ക്കുവാനും ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചു.
ഇതനുസരിച്ച് ജോയിന്റ് അക്കൗണ്ട് തുടങ്ങുകയായിരുന്നു. പല സമയങ്ങളിലായി 21 ലക്ഷം രൂപയോളം അക്കൗണ്ടില്‍ എത്തുകയും ചെയ്തു.കൂടാതെ കൊച്ചിന് ഷിപ്പ് യാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ബി.ജെ പി നേതാവുമായ ബി രാധാകൃഷ്ണമേനോന് ഒരു യന്ത്രവല്‍കൃത വള്ളവും, സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് മറ്റൊരു വള്ളവും ഇദ്ദേഹത്തിനു നല്‍കിയിരുന്നു.
രാജപ്പന് ചേട്ടനെ സഹോദരന്റെ ഒപ്പം വിടാതെ ഇവര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് സഹോദരിയും, മകനും ചേര്‍ന്ന് പല ആവശ്യങ്ങള്‍ പറഞ്ഞ് 30/11, 29/12,8/2/21 എന്നീ തീയതികളില്‍ ചെക്കു മുഖാന്തിരം മൂന്നു ലക്ഷം രൂപ ബാങ്കില്‍ നിന്നു പിന്‍വലിച്ചിരുന്നു.
ഇതിനിടെ സ്വന്തമായി സ്ഥലമുണ്ടെങ്കില്‍ വീടുവച്ചു നല്‍കാമെന്ന് പല സന്നദ്ധ സംഘടനകളും രാജപ്പനെ അറിയിച്ചു.ഇതനുസരിച്ച് കുടുംബ വിഹിതമായി മൂന്നു സെന്റ് ഭൂമി നല്‍കണമെന്ന് ഇദ്ദേഹം സഹോദരങ്ങളോട് ആവശ്യപ്പെട്ടു. സഹോദരി വിലാസിനി ഒഴിച്ച് മറ്റുള്ളവര്‍ ഇത് അംഗീകരിച്ചു.
എന്നാല്‍ താന്‍ ഒപ്പിടണമെങ്കില്‍ തന്റെ മകന് ജയലാലിന് പത്തു ലക്ഷം രൂപ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതു നിരസിച്ചതിനെ തുടര്‍ന്ന് സഹോദരിയും, ഭര്‍ത്താവ് കുട്ടപ്പനും, മകന് ജയലാലും ചേര്‍ന്ന് കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തു വന്നു. സഹോദരീ ഭര്‍ത്താവ് മദ്യപിച്ചെത്തി അസഭ്യം പറയുകയും പതിവായിരുന്നു.
കൂടാതെ പല വ്യക്തികളും പലപ്പോഴായി നല്കിയ രണ്ടു ലക്ഷം രൂപയും ഇവര്‍ കൈക്കലാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ സഹോദരനോടും അദ്ദേഹത്തിന്റെ മകനോടും പറയുകയും ഇപ്പോള്‍ ഇവരോടൊപ്പം താമസം മാറ്റുകയും ചെയ്തിതിരിക്കുകയുമാണ്.
രണ്ടു വള്ളങ്ങളും 5,08,000 രൂപയും തനിക്കു തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ജില്ലാ പോലീസ് മേധാവിക്കു കൊടുത്തിട്ടുള്ള പരാതിയില്‍ രാജപ്പന്‍ചേട്ടന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സഹോദരി വിലാസിനിയുടെ മകന് ജയലാല്‍ സി പി ഐ (എം) ആര്‍പ്പൂക്കര ലോക്കല്‍ കമ്മറ്റി അംഗമാണ്.