നിലന്പൂർ: നിലന്പൂരിൽ നിന്നു കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് നാഗർകോവിൽ വരെ നീട്ടുന്നത് പ്രായോഗികമല്ലെന്നു റെയിൽവേ അധികൃതർ. രാജ്യറാണി എക്സ്പ്രസ് നാഗർകോവിൽ വരെ നീട്ടണമെന്നാവശ്യപ്പെട്ടു മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റും എഫ്സിഐ കണ്‍സൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായ സിബി വയലിൽ നൽകിയ നിവേദനത്തിനു മറുപടിയായാണ് ദക്ഷിണ റെയിൽവെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർ ശിവജി അങ്കുരു റെയിൽവെയുടെ നിലപാട് അറിയിച്ചത്.
തിരുവനന്തപുരം-നാഗർകോവിൽ പാത സിംഗിൾ ലൈനായതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ രാജ്യറാണി എക്സ്പ്രസ് നാഗർകോവിലിലേക്ക് നീട്ടുന്നത് പ്രായോഗികമല്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. 16 കോച്ചുകൾ അനുവദിച്ച രാജ്യറാണിക്ക് പ്ലാറ്റ് ഫോമുകളുടെ നീളക്കുറവ് ചൂണ്ടിക്കാട്ടി കോച്ചുകളുടെ എണ്ണം 13 ആയി വെട്ടിച്ചുരുക്കിയത് പെട്ടെന്നു പുന:സ്ഥാപിക്കാനാകില്ലെന്നും റെയിൽ വ്യക്തമാക്കി.
നിലന്പൂർ-ഷൊർണൂർ പാതയിലെ മിക്ക റെയിൽവെ സ്റ്റേഷനുകളിലും 13 കോച്ചുകൾ നിർത്താനുള്ള സൗകര്യം മാത്രമാണുള്ളത്. പ്ലാറ്റ് ഫോമുകളുടെ നീളംകൂട്ടി കൂടുതൽ കോച്ചുകൾ നിർത്താനുള്ള സൗകര്യം ഒരുക്കുന്നതുവരെ 16 കോച്ചുകൾ അനുവദിക്കാൻ പ്രായോഗിക തടസമുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കി.
റെയിൽവെയുടെ മറുപടി സാങ്കേതിക തടസവാദങ്ങൾ മാത്രം ഉയർത്തിയാണെന്നും ജനങ്ങളുടെ ദുരിതത്തിന് പ്രായേഗിക പരിഹാരം തേടി കേന്ദ്ര റെയിൽമന്ത്രി പിയൂഷ് ഗോയലിനെ നേരിൽ കണ്ടു വിഷയം അവതരിപ്പിക്കുമെന്നും പരിഹാരമുണ്ടായില്ലെങ്കിൽ ഡൽഹിയിൽ സമരം നടത്തുമെന്നും സിബി വയലിൽ അറിയിച്ചു. സമയക്രമം മാറ്റി രാജ്യറാണി തിരുവവന്തപുരം വരെ ഓടിക്കാനുള്ള സാധ്യതയും തേടണം. രാജ്യറാണി നാഗർകോവിൽ വരെ നീട്ടണമെന്നാവശ്യപ്പെട്ട് സിബി വയലിന്റെ നേതൃത്വത്തിൽ നിലന്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ജനകീയ ഒപ്പുശേഖരണം നടത്തിയിരുന്നു.