മാവേലിക്കര: ചിത്രകലയിലെ അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സുകൾ ഉൾപ്പെടുത്തി നടത്തുന്ന സ്ഥാപനമെന്ന് പ്രഖ്യാപിച്ച് ഉദ്ഘാടന മാമാങ്കം കൊണ്ടാടിയ രാജാരവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്ട്സ് സ്ഥലപരിമിതി കാരണം മാവേലിക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റി സ്ഥാപിക്കാൻ നീക്കം.
മാവേലിക്കരയിൽ തന്നെ കോളജിനു സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന ആവശ്യവുമായി സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. ബിരുദാനന്തര ബിരുദം ലഭിക്കുന്ന പെയിന്റിംഗ്, ആർട്ട് ഹിസ്റ്ററി എന്നീ വിഷങ്ങളാണ് കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജിൽ ഇപ്പോൾ നിലവിലുള്ളത്.
അടുത്ത ബാച്ചിലേക്ക് പ്രവേശനം നടത്തണമെങ്കിൽ ക്ലാസ് മുറികളും സ്റ്റുഡിയോ സൗകര്യവും വേണം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ബിരുദാനന്തര ബിരുദം നൽകുന്ന കോളജ് ആരംഭിക്കുന്നിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായത്.
അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കുറച്ചു വർഷങ്ങൾകൊണ്ട് ഇതിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോളജ് ആക്കി മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷീറ്റ് പാകിയ അഞ്ചുമുറി കെട്ടിടത്തിൽ നിലവിലെ സംവിധാനങ്ങളും വിദ്യാർഥികളുമായി വീർപ്പ് മുട്ടുകയാണ് ഈ കലാലയം.
രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിന്റെ പെയിന്റിംഗ് വിഭാഗം പ്രവർത്തിച്ചിരുന്ന കോളജിനു കിഴക്കുഭാഗത്തുള്ള പഴയ കെട്ടിടതിലാണ് 2011 ഫെബ്രുവരിയിൽ സെന്റർ സ്ഥാപിക്കുകയും 2015ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തത്.
2011ലെ മാവേലിക്കര എംഎൽഎ ആയിരുന്ന എം. മുരളി സ്ഥാപനത്തിനായി ക്ലോറൈഡ് ഫേക്ടറി സ്ഥിതിചെയ്തിരുന്ന നോർക്കയുടെ അധീനതയിലുള്ള സ്ഥലം ഏറ്റെടുത്ത് നൽകാമെന്നും പറഞ്ഞിരുന്നു പിന്നീട് എംഎൽഎ ആയിവന്ന ആർ.രാജേഷും സ്ഥലം എടുത്ത് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല. ഇതു സംബന്ധിച്ച് യൂണിവേഴ്സ്റ്റിയെയും വിവരം ധരിപ്പിച്ചിട്ടുണ്ട്.
പെയിന്റിംഗ്, ആർട്ട് ഹിസ്റ്ററി വിഷയങ്ങളിലായി മൂന്നു ബാച്ചുകളിലായി 13 പേരാണ് ഇവിടെ പഠിക്കുന്നത്. വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിക്കണമെങ്കിൽ സൗകര്യങ്ങളും വർധിപ്പിക്കണം. കെട്ടിടം നിർമ്മിക്കാനും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനുമായി 1.5 കോടി രൂപ യൂണിവേഴ്സിറ്റി നൽകിയിരുന്നു.
സ്ഥലമാണ് നിലവിലുള്ള പ്രശ്നം. സ്ഥലം ലഭിച്ച് അടിസ്ഥാന സൗകര്യങ്ങളും ശരിയാക്കുകയാണെങ്കിൽ ഗ്രാഫിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, സിറാമിക്ക് ആന്റ് കോർട്ടറി ഡിസൈൻ, മ്യൂസിയോളജി, ബി.എഡ് ആർക്ക് എന്നീ കോഴ്സുകൾ ആരംഭിക്കുവാനും അന്താരാഷ്ട്ര തലത്തിലുള്ള ഒരു സ്ഥാപനമാക്കാൻ കഴിയുമെന്നും വിദ്യാർത്ഥികളുടെ എണ്ണം കൂട്ടാൻ കഴിയുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
നാക്ക് സംഘം എത്തി പരിശോധിച്ചശേഷം മുഖ്യ മന്ത്രിയ്ക്ക് കൊടുത്ത റിപ്പോർട്ടിൽ സ്ഥാപനത്തിന് അർഹിക്കുന്ന പരിഗണന നൽകി കൂടുതൽ വിദ്യാർഥികളെ ഉൾക്കൊള്ളിച്ച് കൂടുതൽ കോഴ്സുകൾ കൊണ്ടുവന്ന് ഉന്നതതലത്തിലേക്ക് എത്തിക്കണമെന്ന് പ്രത്യേകം പറയുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് സർക്കാർ യാതൊരു നടപടിയ്ക്കും തയാറായിട്ടില്ല.
മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭയിൽ നടന്ന സാംസ്കാരിക കൂട്ടായ്മ രാജാരവിവർമ്മ കോളജ് മുൻ പ്രിൻസിപ്പൽ റ്റി.എ.എസ് മേനോൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. വാർഡ് കൗണ്സിലർ സുജാതദേവി, മോഹനൻ മാവേലിക്കര, പ്രഫ. ആർ.ആർ.സി വർമ, കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, പ്രഫ. ജി. ഉണ്ണികൃഷ്ണൻ, പാർത്ഥസാരഥി വർമ, എണ്ണക്കാട് നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു.