മാവേലിക്കര: രാജാരവിവർമ സെന്റർ ഓഫ് എക്സലൻസിന് സ്ഥലം അടിയന്തിരമായി ഏറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര എംഎൽഎയ്ക്കും ആലപ്പുഴ ജില്ലാ കളക്ടർക്കും സർവകലാശാല രജിസ്റ്റാർ കത്തയച്ചതായി സൂചന. അടിയന്തരമായി സ്ഥലം ലഭ്യമായില്ലെങ്കിൽ സ്ഥാപനം കാര്യവട്ടത്തേക്ക് മാറ്റുന്നതിനു നടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നതായാണ് വിവരം. രാജാരവിവർമ്മ സെന്റർ ഓഫ് എക്സലൻസിന്റെ സ്ഥലപരിമിധിയെക്കുറിച്ച് രാഷ്ട്രദീപിക കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
ബിരുദാനന്തര ബിരുദം ലഭിക്കുന്ന പെയിന്റിംഗ്, ആർട്ട് ഹിസ്റ്ററി എന്നീ വിഷങ്ങളാണ് കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജിൽ ഇപ്പോൾ നിലവിലുള്ളത്. അടുത്ത ബാച്ചിലേക്ക് പ്രവേശനം നടത്തണമെങ്കിൽ ക്ലാസ് മുറികളും സ്റ്റുഡിയോ സൗകര്യവുമില്ല.
അച്ചുതാനന്ദൻ ഗവണ്മെന്റിന്റെ കാലത്താണ് ബിരുദാനന്തര ബിരുദം നൽകുന്ന കോളജ് ആരംഭിക്കുന്നിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായത്. അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കുറച്ചു വർഷങ്ങൾകൊണ്ട് ഇതിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോളജ് ആക്കി മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷീറ്റ് പാകിയ അഞ്ചു മുറി കെട്ടിടത്തിൽ നിലവിലെ സംവിധാനങ്ങളും വിദ്യാർത്ഥികളുമായി വീർപ്പ് മുട്ടുകയാണ് ഈ കലാലയം.
സ്ഥലം ഏറ്റെടുത്തു നൽകുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിൽ: ആർ.രാജേഷ് എംഎൽഎ
മാവേലിക്കര: രാജാ രവിവർമ സെന്റർ ഓഫ് വിഷ്വൽ ആർട്ട്സിനായി സ്ഥലം ഏറ്റെടുത്ത് നൽകാനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് ആർ.രാജേഷ് എംഎൽഎ പറഞ്ഞു. സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് നടപടി ക്രമങ്ങളുടെ ഭാഗമായാണ് യൂണിവേഴ്സിറ്റി കത്തയച്ചിരിക്കുന്നത്. സ്ഥസലം സംബന്ധച്ച പരിശോധനകൾ വില നിർണ്ണയം എന്നിവ നടക്കേണ്ടതായുണ്ടെന്നും ഉടൻ തന്നെ കോളേജ് അവിടേയ്ക്ക് മാറ്റിസ്ഥാപിക്കുവാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.