കൊച്ചി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടത് മലയാളി വീണ്ടും ചെയ്ത കൈയബദ്ധമാണെന്നു സംവിധായകൻ രാജസേനൻ. കേരളം ബിജെപി ഭരിക്കുമെന്ന സമയം വരുമെന്ന കാര്യത്തിൽ യാതൊരു സംശവും വേണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം രാജസേനൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
പതിവുപോലെ കുറേ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ന്യൂനപക്ഷങ്ങളും ചേർന്നു ബിജെപിയെ തോൽപ്പിച്ചു. പക്ഷേ, ബിജെപി തോറ്റിട്ടില്ല. അതു മനസിലാക്കണങ്കെിൽ മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പു ഫലം മലയാളി കാണണം. അതുകൊണ്ടു കേരളത്തിലെ തോൽവിയെ മലയാളി വീണ്ടും ചെയ്ത ഒരു കൈയബദ്ധം എന്നു കരുതിയാൽ മതി- രാജസേനൻ പറഞ്ഞു.
ബിജെപിയും ന്യൂനപക്ഷവും ഒന്നിച്ചുനിന്ന് കേരളം ഭരിക്കുന്ന ഒരു കാലം ഉടനുണ്ടാകും. അവരും സ്വന്തം ഇഷ്ടത്തിൽ ബിജെപിയെ പിന്തുണയ്ക്കും. കേരളം ബിജെപി ഭരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശവും വേണ്ടെന്നും ബിജെപി നേതാവ് കൂടിയായ രാജസേനൻ പറഞ്ഞു.
കേരളത്തിൽ മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് ഉയർന്നുവരുമെന്ന് അവകാശപ്പെട്ടു കൊണ്ടിരിക്കുന്ന ബിജെപിക്കു കനത്ത തിരിച്ചടിയാണു തെരഞ്ഞെടുപ്പ് നൽകിയത്. ഒരു മണ്ഡലത്തിലും നില മെച്ചപ്പെടുത്താൻ ബിജെപിക്കു കഴിഞ്ഞില്ല. കരുത്തുള്ള മൂന്നു മണ്ഡലങ്ങളിൽ ഒരിടത്തു പോലും നല്ലൊരു മത്സരം കൊടുക്കാനും സാധിച്ചില്ല.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നാമതും പിന്നീട് 2016 നിയമസഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും രണ്ടാമതുമെത്തിയ വട്ടിയൂർക്കാവിൽ അവർ മൂന്നാം സ്ഥാനത്തേക്കു പോയി. ശബരിമല ഉയർത്തിക്കാട്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻമുന്നേറ്റം നടത്തിയ കോന്നിയിൽ അന്നത്തെ പ്രകടനം ആവർത്തിക്കാൻ സാധിച്ചില്ല. മഞ്ചേശ്വരത്തു പോലും അവർ പിന്നോട്ടു പോകുകയാണു ചെയ്തത്.