സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത സെക്സി ദുർഗ ഇതിനകം നിരവധി അന്താരാഷ്ട്ര മേളകളിൽ നിന്ന് നിരവധി പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു. രാജശ്രീ ദേശ്പാണ്ഡെ മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം പൊതുഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥയെയാണ് പ്രമേയമാക്കുന്നത്.
എന്നാൽ ചിത്രത്തിന്റെ പേരിനെച്ചൊല്ലി മതവാദികളിൽ നിന്നും സൈബർ സദാചാര വാദികളിൽ നിന്നും കടുത്ത എതിർപ്പ് ചിത്രത്തിന് നേരേ ഉയർന്നിട്ടുണ്ട്. ദുർഗ എന്ന ടൈറ്റിൽ കാരക്ടറിൽ എത്തുന്ന രാജശ്രീക്കെതിരേ നിരവധി അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. ഒരു സ്ത്രീ പൂർണമായും നഗ്നയായി സൈക്കിളിൽ ഇരിക്കുന്ന ചിത്രത്തിന് രാജശ്രീയുടെ മുഖം മോർഫ് ചെയ്ത് അയച്ചുകൊടുക്കുകയായിരുന്നു.
അശ്ലീലമായ പ്രയോഗങ്ങളും ചിത്രത്തിനൊപ്പം ഞരന്പുരോഗികൾ അയച്ചിട്ടിട്ടുണ്ട്. ആ എഫ്ബി ചാറ്റിന്റെ പൂർണരൂപം സ്ക്രീൻ ഷോട്ടായി പോസ്റ്റ് ചെയ്ത രാജശ്രീ ദേശ്പാണ്ഡെ പറയുന്നതിങ്ങനെ; ഇങ്ങനെ ചില അവാർഡുകളും ചിത്രത്തിന് ഇന്ത്യക്കാരിൽ നിന്ന് എനിക്കു ലഭിക്കുന്നുണ്ട്. ഫേസ് ബുക്കിലൂടെയാണ് രാജശ്രീ ഇക്കാര്യം അറിയിച്ചത്.
സനൽകുമാർ ശശിധരൻ എന്ന സംവിധായകന്റെ കീഴിൽ ഞങ്ങളെല്ലാം കഠിനമായി പരിശ്രമിച്ചിട്ടുള്ള ചിത്രമാണിത്. ധാരാളം പേർ സ്നേഹാന്വേഷണം അറിയിക്കുന്നുണ്ടെന്നും രാജശ്രീ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.