നിയാസ് മുസ്തഫ
ബിഹാറിൽ വീണ്ടും ലാലു പ്രസാദ് യാദവിന്റെ കുടുംബം അധികാരത്തിൽ തിരിച്ചെത്തിയതിന്റെ സന്തോഷം ആഘോഷിക്കുകയാണ് ആർജെഡി നേതാക്കളും പ്രവർത്തകരും.
ഏറെക്കാലമായി അധികാരത്തിൽനിന്ന് അകന്നുനിൽക്കേണ്ടി വന്നിരുന്നു ലാലു കുടുംബത്തിന്.
പെട്ടെന്നാണ് കുടുംബത്തിന്റെ തലേവര മാറിയത്. എല്ലാം വന്നുകയറിയ പെണ്ണിന്റെ ഐശ്വര്യമത്രേയെന്ന് ആർജെഡി പ്രവർത്തകർ അടക്കം പറയുന്നു.
2021 ഡിസംബർ 10നാണ് തേജസ്വി ബാല്യകാല സുഹൃത്തും ക്രിസ്തുമത വിശ്വാസിയുമായ റേച്ചൽ ഗോഡിഞ്ഞോയെ വിവാഹം കഴിച്ചത്. ഈ വിവാഹത്തിനെതിരേ ലാലു കുടുംബത്തിൽ മുറുമുറുപ്പ് ഉണ്ടായിരുന്നു.
രാജശ്രീ യാദവ്
വിവാഹശേഷം രാജശ്രീ യാദവ് എന്നാണ് ഇപ്പോൾ റേച്ചൽ അറിയപ്പെടുന്നത്. ബിഹാർ ജനതയ്ക്ക് വിളിക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണ് രാജശ്രീ എന്നു റേച്ചലിന്റെ പേരു മാറ്റിയത്.
വിവാഹം കഴിഞ്ഞ് ഒന്പതു മാസത്തിന് ശേഷം തേജസ്വി യാദവ് വീണ്ടും ഉപമുഖ്യമന്ത്രിയായി. തേജസ്വിയുടെ ജീവിതത്തിലേക്ക് രാജശ്രീ കടന്നുവന്നതുമുതൽ തേജസ്വിക്ക് നല്ലകാലമാണത്രേ.
കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവിന് ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം ലഭിച്ചു.
തേജസ്വി യാദവിനോടും മറ്റ് കുടുംബാംഗങ്ങളോടും വിവിധ വിഷയങ്ങളിൽ അതൃപ്തിയുണ്ടായിരുന്ന സഹോദരൻ തേജ് പ്രതാപ് കുടുംബവുമായി അടുത്തു. തേജസ്വി യാദവിന്റെ വിവാഹത്തിൽ അദ്ദേഹം പങ്കെടുത്തു.
നൃത്തം ചെയ്യുകയും ചെയ്തു. അതിനു ശേഷം തേജ് പ്രതാപിന് കുടുംബാംഗങ്ങളോട് ദേഷ്യമുണ്ടെന്ന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
രാജശ്രീയുമായുള്ള വിവാഹത്തിനു ശേഷം തേജസ്വി യാദവും മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു.
അടുത്തിടെ ഇഫ്താർ വിരുന്നിന് മുഖ്യമന്ത്രി നിതീഷ് കുമാർ റാബ്റി ദേവിയുടെ വീട്ടിൽ എത്തിയിരുന്നു. അതിനുശേഷം നിതീഷും തേജസ്വിയും പലതവണ കണ്ടുമുട്ടി.
തേജസ്വിയുടെ സത്യപ്രതിജ്ഞാ വേളയിൽ, തന്റെ ഭർത്താവ് ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായതിൽ അതിയായ സന്തോഷമുണ്ടെന്ന് രാജശ്രീ യാദവ് പറഞ്ഞിരുന്നു.
ഇതിന് ബിഹാറിലെ ജനങ്ങൾക്കും മുഖ്യമന്ത്രി നിതീഷ് കുമാറിനും രാജശ്രീ നന്ദിയും പറഞ്ഞു.
അച്ഛൻ പിന്തുണച്ചു
ക്രിസ്തുമത വിശ്വാസിയായ റേച്ചലുമായുള്ള പ്രണയത്തെക്കുറിച്ച് അച്ഛൻ ലാലു പ്രസാദ് യാദവിനെ അറിയിച്ചപ്പോൾ അതിലൊരു തെറ്റുമില്ലെന്ന് പറഞ്ഞ് തന്നെ അച്ഛൻ പിന്തുണച്ചുവെന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തേജസ്വി യാദവ് പറഞ്ഞിരു ന്നു.
രാജശ്രീയെ തന്റെ നല്ല പാതി എന്നാണ് തേജസ്വി വിശേഷിപ്പിച്ചത്. തങ്ങളുടെ കുടുംബജീവിതം നന്നായി പോകുന്നുവെന്നും തേജസ്വി അഭിമുഖത്തിൽ പറഞ്ഞു.